
ജില്ലയുടെ തെരുവുകളിൽ നൂറുകണക്കിനു തൊഴിലാളികളാണ് ഖത്തർ ലോകകപ്പിനെ കളറാക്കുന്നത്. ലോകകപ്പ് അടുത്തതോടെ ജഴ്സി തൈക്കുന്നതിൽ തിരക്കേറി. ഇവരുടെ തയ്യൽ മെഷീനിൽ ബ്രസീലിന്റെ മഞ്ഞയും, അർജന്റീനയുടെ നീലയും വെള്ളയും, പോർചുഗലിന്റെ ചുവപ്പും ഒരു പോലെ ഒരുങ്ങി വരുന്നു.
ലോകകപ്പ് ആവേശത്തിൽ ക്ലബുകളുടെ പോരാട്ടം മുറുകുമ്പോൾ ഫാൻ ടീമുകളുടെ ജഴ്സികളും അണിയറയിൽ ഒരുങ്ങുകയാണ്. ബ്രസീൽ, അർജന്റീന, പോർചുഗൽ താര ടീമുകളാകുമ്പോൾ, മെസിയും നെയ്മറും റൊണോൾഡോയും സൂപ്പർതാരങ്ങളാകുന്നു. ഇവരുടെ ജഴ്സികൾക്കാണ് ആവശ്യക്കാരേറെ. യൂറോപ്യൻ ടീമുകളായ ജർമനിക്കും ഫ്രാൻസിനും ആവശ്യക്കാരുണ്ട്.
ഹോൾസെയിൽ ഫാക്ടറികൾ അധിക സമയമെടുത്താണ് ലോകകപ്പ് ഓർഡറുകൾ പൂർത്തിയാക്കുന്നത്. കോവിഡ് കാലത്തു ആരവങ്ങളും ആഘോഷങ്ങളുമില്ലാതെ തളർന്നിടത്തുനിന്നും തിരിച്ചു വരവു കൂടിയായതിനാൽ ആവേശം ഇരട്ടി. 200 രൂപ മുതൽ ജഴ്സി വിപണയിൽ ലഭ്യമാണ്. ജഴ്സി, ഷോർട്സ്, തൊപ്പി, പതാക അടക്കമുള്ള കോംബോ പാക്കറ്റുകളും വിപണിയിലുണ്ട്. താരങ്ങളുടെ ചിത്രം പതിച്ച സ്പെഷൽ ജഴ്സിയാണെങ്കിൽ വില കൂടും.
ക്ലബ്ബുകളാണ് കൂട്ടത്തോടെ ബുക്കിങ് നടത്തുന്നത്. ഫുട്ബോൾ കോച്ചിങ് അക്കാദമികൾ, ക്ലബ്ബുകൾ, നാട്ടിൻപുറങ്ങളിലെ കൂട്ടായ്മകൾ എങ്ങും ആവേശം നിറയുകയാണ്. കഴിഞ്ഞയാഴ്ച മുതൽ തിരക്കു തുടങ്ങി. ഖത്തറിലെ ആദ്യ വിസിൽ മുഴങ്ങുമ്പോഴേക്കും ആരാധകരിലേക്ക് ജഴ്സി എത്തണം. ഇനിയുള്ള രണ്ടാഴ്ച അതിനുള്ള തിരക്കിലാണ്.