
നെല്യാടിക്കടവ് ഉത്തരവാദിത്വ ടൂറിസം ക്ലബ്ബ് വിവിധ സ്വകാര്യ സംരംഭകരുമായി ചേർന്നു അകലാപ്പുഴയുടെ ഭാഗമായ നെല്യാടിപ്പുഴയിലും ജലവിനോദസൗകര്യങ്ങൾ നടപ്പാക്കുന്നത്. ശിക്കാര ബോട്ട് സർവീസ് കൂടാതെ പെഡൽ ബോട്ടിങ്, കയാക്കിങ്, കനോയിങ്, സ്പീഡ് ബോട്ട് യാത്ര തുടങ്ങിയ ജലവിനോദപരിപാടികളാണ് കൊയിലാണ്ടി നഗരസഭയുടെ കവാടമായ നെല്ല്യാടിപ്പുഴയിൽ ഒരുങ്ങുന്നത്. പുഴയുടെ ഭംഗി നുകരാൻ പാകത്തിൽ ഫ്ലോട്ടിങ് റെസ്റ്റോറന്റ്, കുട്ടികളുടെ പാർക്ക്, കഫെറ്റീരിയ, നാടൻവിഭവങ്ങളുടെ റെസ്റ്റോറന്റ് എന്നിവയും ഒരുക്കും. കൊല്ലം-മേപ്പയ്യൂർ റോഡിലെ നെല്യാടിപ്പാലത്തിന് കീഴെനിന്നാണ് ടൂറിസം പദ്ധതി ആരംഭിക്കുന്നത്.
നെല്ല്യാടിപ്പാലത്തിന് കീഴെനിന്ന് കൊടക്കാട്ടുംമുറി താഴവരെ അവിസ്മരണീയമായ ഉത്തരവാദിത്വ ടൂറിസം പ്രോജക്ടുകൾ ഒരുക്കിക്കൊണ്ടുള്ള പദ്ധതിയാണ് വിഭാവനം ചെയ്യുന്നത്.
കേരള ഉത്തരവാദിത്വ ടൂറിസം മിഷൻ ടൂറിസം വികസനത്തിന് പിന്തുണയുമായി ഒപ്പമുണ്ട്. കേരളസർക്കാർ സംസ്ഥാന ബജറ്റിൽ രണ്ടുകോടി രൂപ നെല്യാടി ടൂറിസം വികസനത്തിന് വകയിരുത്തിയതും നെല്യാടി ടൂറിസത്തിനു ഉണർവേകിയിട്ടുണ്ട്. മുൻ എം.എൽ.എ. കെ. ദാസൻ പ്രസിഡന്റും എ.ഡി. ദയാനന്ദൻ സെക്രട്ടറിയും പി. സിജീഷ് വൈസ് പ്രസിഡന്റും കെ.ടി. രഘു ജോയന്റ് സെക്രട്ടറിയും നഗരസഭാ കൗൺസിലർ രമേശൻ വലിയാട്ടിൽ ട്രഷററുമായ കമ്മിറ്റിയാണ് പദ്ധതിക്ക് നേതൃത്വം നൽകുന്നത്. കൊയിലാണ്ടി നഗരസഭയുമായി കൈകോർത്തുകൊണ്ടാണ് പദ്ധതി നടപ്പാക്കുന്നത്. സർക്കാരിന്റെ നിയമപരമായ എല്ലാ ലൈസൻസുകളോടെയും വിദഗ്ധരായ ജീവനക്കാരെയും ഉൾപ്പെടുത്തിയാണ് ബോട്ടുസർവീസ് ഒരുങ്ങുന്നതെന്ന് ഉത്തരവാദിത്വ ടൂറിസം ക്ലബ്ബ് സെക്രട്ടറി എ.ഡി. ദയാനന്ദൻ പറഞ്ഞു.