
മാറാം, മാറ്റാം ഒരു മനുഷ്യൻ തന്റെ ജീവിതത്തിൽ അടിസ്ഥാനമായി അറിഞ്ഞിരിക്കേണ്ടതും, ജീവിതത്തിൽ പകർത്തേണ്ടതുമായ പല ശീലങ്ങളുണ്ട്. അതിലൊന്നാണ് മാലിന്യ സംസ്കരണം. മാലിന്യ സംസ്കരണം എന്നത് കൊണ്ട് ഇപ്പോഴും പലരും ധരിച്ചു വച്ചിരിക്കുന്നത് തനിക്ക് ഉപയോഗമില്ലാത്ത വസ്തുക്കൾ, അത് എന്ത് തന്നെയായാലും തൊട്ടടുത്ത കാണുന്ന ചവറ്റു കൊട്ടയിലേയ്ക് വലിച്ചെറിയുക മാത്രം ആണെന്നാണ്. ശാസ്ത്രീയമായി മാലിന്യം സംസ്‌ക്കരിക്കേണ്ട വിധം ഇന്നും നമ്മളിൽ പലർക്കും അപരിചിതമാണ്. കേരളത്തില്‍ മാലിന്യത്തിന്റെ പകുതിയും വീടുകളില്‍ നിന്നെത്തുന്നവയാണ്. ഇതു പൊതുസ്ഥലത്ത് എത്താതിരുന്നാല്‍ തന്നെ മാലിന്യം കുമിഞ്ഞു കൂടുന്ന പ്രശ്നം ഒരു പരിധി വരെ നമുക്ക് തടുക്കാൻ സാധിക്കും . ‘മാറാം മാറ്റാം’ എന്ന ക്യാമ്പയിനിലൂടെ വ്യക്തിഗത മാലിന്യ പരിപാലനവും , പരിസ്ഥിതി സൗഹൃദ ഉല്പന്നങ്ങളുടെ ഉപയോഗവും , മാലിന്യങ്ങൾ അലക്ഷ്യമായി വലിച്ചെറിയുന്നതിന്റെ അനന്തരഫലങ്ങളെ കുറിച്ചും നിങ്ങളിലേക്ക് എത്തിക്കുവാൻ ഞങ്ങൾ ഉദ്ദേശിക്കുന്നു.