
വാഹനങ്ങളുടെ നിയമലംഘനം പിടികൂടാൻ മോട്ടർ വാഹന വകുപ്പ് നേതൃത്വത്തിൽ ബേപ്പൂരിൽ ക്യാമറ സ്ഥാപിച്ചു. പൊലീസ് സ്റ്റേഷനു സമീപത്താണ് സൗരോർജത്തിൽ പ്രവർത്തിക്കുന്ന അത്യാധുനിക ക്യാമറകൾ ഘടിപ്പിച്ചത്. ഇനി ബേപ്പൂർ മെയിൻ റോഡിലൂടെയുള്ള വാഹനങ്ങളുടെ ചലനങ്ങൾ 24 മണിക്കൂറും ക്യാമറകൾ ഒപ്പിയെടുക്കും. 100 മീറ്റർ വരെ അകലത്തിൽ നിന്നു വാഹനങ്ങളുടെ ദൃശ്യം രേഖപ്പെടുത്താൻ ശേഷിയുണ്ട്.
ഗ്രാമ–നഗര മേഖലകളിൽ നിയമലംഘനം വർധിക്കുന്ന സാഹചര്യത്തിലാണ് എല്ലായിടത്തും ക്യാമറ സംവിധാനം ഒരുക്കുന്നത്. സീറ്റ് ബെൽറ്റ് ഹെൽമറ്റ് എന്നിവ ധരിക്കാത്തത്, മൊബൈൽ ഫോൺ ഉപയോഗിച്ചു വാഹനം ഓടിക്കൽ, അമിതവേഗം, അനധികൃത രൂപമാറ്റം, അമിത പ്രകാശം എന്നിവയുടെ കൃത്യതയുള്ള ചിത്രങ്ങൾ പകർത്തി മോട്ടർ വാഹന വകുപ്പിന്റെ തിരുവനന്തപുരം കൺട്രോൾ റൂം സെർവറിലാണു ശേഖരിക്കുക.
Source: Manorama online