
ജില്ലയിൽ മതിവരുവോളം കളിച്ചോളൂവെന്ന് കുഞ്ഞുങ്ങളോട് പറയുന്ന 28 പ്രീപ്രൈമറി സ്‌കൂൾ കൂടി ഒരുങ്ങുകയാണ്. സമഗ്രശിക്ഷ കേരളയാണ് പ്രീപ്രൈമറി വിദ്യാഭ്യാസത്തെ അന്താരാഷ്ട്ര നിലവാരത്തിലാക്കുന്നത്. കുഞ്ഞുങ്ങളുടെ ശാരീരികവും മാനസികവുമായ വളർച്ച ഉറപ്പാക്കുന്ന മതിയാവോളം കളിയെന്ന മനഃശാസ്‌ത്രസമീപനമായിരിക്കും ഈ സ്‌കൂളുകൾക്ക്. ‘വർണക്കൂടാര’മെന്ന പേരിൽ അന്താരാഷ്ട്ര നിലവാരമുള്ള നഴ്‌സറി ക്ലാസുകൾ ഒരുക്കുന്നതിന് പത്തുലക്ഷം രൂപ വീതമാണ് എസ്‌എസ്‌കെ അനുവദിച്ചത്. അടുത്ത അധ്യയന വർഷം ക്ലാസുകൾ ആരംഭിക്കും വിധം മാർച്ചിൽ പണിതീരും.
കളിയിടങ്ങൾ മാത്രമാണ് സർക്കാർ വിദ്യാലയങ്ങളിൽ ഒരുക്കുന്ന ഈ നഴ്‌സറികളിൽ ഉണ്ടാവുക. ഊഞ്ഞാലും സീസോയും ഉൾപ്പെടെ ധാരാളം കളി ഉപകരണങ്ങളുള്ള പാർക്കായിരിക്കും അത്. കുട്ടികൾ പകുതിസമയം ശാരീരികക്ഷമത വർധിപ്പിക്കാനുള്ള കളികളിൽ ഏർപ്പെടണമെന്നാണ് ലക്ഷ്യം. പെർഫോമൻസ് ഏരിയ, നിർമാണ പ്രവർത്തന ബ്ലോക്ക്, ശാസ്‌ത്രമൂല, വായനയ്ക്കും എഴുത്തിനുമുള്ള മൂല, ഗണിതമൂല, ചിത്രം വരയ്ക്കാനുള്ള ആർട്ട് ഏരിയ, പ്രകൃതി പഠനത്തിനുള്ള ഗ്രീൻ ഏരിയ, മ്യൂസിക് ഏരിയ, പഞ്ചേന്ദ്രിയ അനുഭവങ്ങൾക്കായി സെൻസറി ഏരിയ, ഐസിടി സൗകര്യങ്ങളുള്ള കംപ്യൂട്ടർ ഏരിയ എന്നിവയും സജ്ജമാക്കും. ശിശുസൗഹൃദ ഇരിപ്പിടങ്ങളുമായി ആകർഷകമായ ക്ലാസ്‌മുറിയും ഉണ്ടാവും. ഇവയെല്ലാം ഭിന്നശേഷി സൗഹൃദമായിരിക്കുമെന്ന് ജില്ലാ പ്രോജക്ട് കോ -ഓർഡിനേറ്റർ ഡോ. എ കെ അബ്ദുൾ ഹക്കീം പറഞ്ഞു. കഴിഞ്ഞവർഷം ജില്ലയിൽ 29 സ്‌കൂളുകൾക്ക് മാതൃകാ പ്രീ -സ്കൂൾ പദ്ധതി അനുവദിച്ചിരുന്നു.