
കൊടുവള്ളി നഗരസഭയുടെ 2022-23 വാർഷിക പദ്ധതിയുടെ ഭാഗമായി വാവാട്, കളരാന്തിരി തുടങ്ങിയ പ്രധാന കേന്ദ്രങ്ങളിൽ അർബൻ ഹെൽത്ത് വെൽനസ് സെന്ററുകൾ ആരംഭിക്കുന്നു.
നിലവിൽ വാവാടും കളരാന്തിരിയും ചികിൽസാ സൗകര്യങ്ങളില്ലാത്ത പ്രദേശങ്ങളാണ്.
ധനകാര്യ കമ്മീഷൻ ഗ്രാന്റ് ഉപയോഗിച്ച് ദേശീയ ആരോഗ്യ ദൗത്യവുമായി സഹകരിച്ചാണ് അർബൻ ഹെൽത്ത് വെൽനസ് സെന്ററുകൾ സ്ഥാപിക്കുന്നത്.
മെഡിക്കൽ ഓഫീസർ, സ്റ്റാഫ് നഴ്സ്, ഫാർമസിസ്റ്റ് എന്നിവരുടെ സേവനം ലഭ്യമാക്കുന്നതിന് എല്ലാ ചെലവുകൾക്കും തുക അനുവദിച്ച് മിനി ആശുപത്രി സൗകര്യങ്ങളോടെയുള്ള ആരോഗ്യകേന്ദ്രമായാണ് നഗരസഭ ഈ പദ്ധതിക്ക് രൂപം നൽകിയത്.
രണ്ടാം വർഷം മുതൽ അർബൻ പോളിക്ലിനിക് ആരംഭിക്കുന്നതോടെ ആഴ്‌ചയിൽ ആറ് ദിവസവും വിദഗ്ധ ഡോക്ടർമാരുടെ സേവനവും അർബൻ ഹെൽത്ത് വെൽനസ് സെന്ററിൽ ലഭ്യമാകും.
കൊടുവള്ളി നഗരസഭയിൽ രണ്ട് വെൽനസ് സെന്ററുകൾ ആരംഭിക്കുന്നതോടെ കൊടുവള്ളി സാമൂഹികാരോഗ്യ കേന്ദ്രത്തിലെ തിരക്ക് കുറയ്ക്കാൻ സാധിക്കും.
കൊടുവള്ളി നഗരസഭയുടെ കീഴിലുള്ള സാമൂഹികാരോഗ്യ കേന്ദ്രത്തിൽ 2021-22 വർഷത്തെ ഒപി ടിക്കറ്റുകളുടെ എണ്ണം 85,254 ആയിരുന്നെങ്കിലും 2023 ഓഗസ്റ്റ് 23 വരെയുള്ള ഒപി ടിക്കറ്റുകളുടെ എണ്ണം 1,43,511 കവിഞ്ഞു.