
മുക്കം നഗരസഭയിലെ അർബൻ ഹെൽത്ത് ആൻഡ് വെൽനസ് സെൻററുകൾ (നഗര ജനകീയാരോഗ്യകേന്ദ്രങ്ങൾ) പ്രവർത്തനമാരംഭിച്ച് ഒരുമാസം പിന്നിടുമ്പോൾ രോഗികൾക്ക് ആശ്വാസ ഹസ്തമാവുകയാണ്. സൗജന്യ ചികിത്സയ്ക്കും മരുന്നിനും സി.എച്ച്.സിക്ക് മുന്നിൽ കാത്തുകെട്ടി നിൽക്കേണ്ടാ. രാത്രി എട്ടുമണിവരെ വലിയ തിരക്കുകളില്ലാതെ, ഡോക്ടറുടെയും നഴ്സിന്റെയും സേവനം വെൽനെസ്സ് സെന്റർ ഉറപ്പുവരുത്തുന്നു.
മുക്കം നഗരസഭയുടെ നേതൃത്വത്തിൽ വട്ടോളിപ്പറമ്പ്, കല്ലുരുട്ടി എന്നിവിടങ്ങളിലാണ് നഗര ജനകീയാരോഗ്യകേന്ദ്രങ്ങൾ ആരംഭിച്ചത്. കേന്ദ്ര സർക്കാരിന്റെ ഹെൽത്ത് ഗ്രാൻറിൽനിന്ന് അനുവദിച്ച തുക ഉപയോഗിച്ചാണ് ഇരുസ്ഥലങ്ങളിലും ആരോഗ്യകേന്ദ്രങ്ങൾ ആരംഭിച്ചത്.
ജനകീയാരോഗ്യകേന്ദ്രങ്ങൾ വിജയിച്ചതോടെ മുക്കം സി.എച്ച്.സിയിൽ ഉൾപ്പെടെ ഉച്ചയ്ക്കുശേഷം അനുഭവപ്പെട്ടിരുന്ന തിരക്ക് കുറഞ്ഞതായി സി.എച്ച്.സി. ജീവനക്കാർ പറയുന്നു. ജൂണിൽ വട്ടോളിപ്പറമ്പിൽ ആരംഭിച്ച നഗര ജനകീയാരോഗ്യകേന്ദ്രത്തിൽ ഒരുമാസത്തിനകം നാലായിരത്തിലേറെ രോഗികൾ ചികിത്സതേടിയെത്തി. നൂറുമുതൽ 150 രോഗികളാണ് പ്രതിദിനം ചികിത്സതേടിയെത്തുന്നത്. കഴിഞ്ഞ മാസം പ്രവർത്തനമാരംഭിച്ച കല്ലുരുട്ടി ആരോഗ്യകേന്ദ്രത്തിൽ പ്രതിദിനം ശരാശരി നൂറോളം രോഗികളെത്തുന്നുണ്ട്.
വെൽനസ് സെൻററുകൾ വന്നതോടെ രോഗികൾക്ക് യാത്രാനിരക്കും ലാഭമായി.മുക്കം നഗരസഭയിലെ വട്ടോളിപ്പറമ്പ്, മണാശ്ശേരി, നീലേശ്വരം തുടങ്ങിയ ഭാഗങ്ങളിൽനിന്നെല്ലാം മുക്കം സി.എച്ച്.സിയിലേക്ക് നാലു കിലോമീറ്ററിലധികം ദൂരമുണ്ട്. ഇവിടെനിന്ന് സി.എച്ച്.സിയിലേക്ക് ശരാശരി 80 രൂപയാണ് ഓട്ടോറിക്ഷാനിരക്ക്.
കല്ലുരുട്ടിയിൽ വെൽനസ് സെൻറർ വന്നതോടെ കാഞ്ഞിരമുഴി, നെല്ലിക്കാപ്പൊയിൽ പ്രദേശങ്ങളിലെ രോഗികൾക്കും മുക്കം സി.എച്ച്.സി യിലേക്കുള്ള യാത്രക്കൂലി മിച്ചമാകും. മാത്രമല്ല, ചികിത്സയ്ക്ക് പ്രായമായ രോഗികൾക്ക് ഏറെ കാത്തുനിൽക്കാതെ ഡോക്ടറുടെ സേവനം ലഭ്യമാവുകയും ചെയ്യും.