
ഇരിങ്ങൽ സർഗാലയ അന്താരാഷ്ട്ര കരകൗശലമേളയിൽ വേറിട്ട കാഴ്ചാനുഭവം പകർന്ന് യുഎൽ ഫൗണ്ടേഷന്റെ സ്‌റ്റാൾ. ബുദ്ധിപരമായ വെല്ലുവിളി നേരിടുന്നവർ നിർമിച്ച ഉൽപ്പന്നങ്ങളുടെ പ്രദർശനവും വിൽപ്പനയുമാണ് സന്ദർശകരുടെ മനംകവരുന്നത്. ബുദ്ധിമാന്ദ്യം, ഓട്ടിസം, സെറിബ്രൽ പാൾസി, ബഹുവൈകല്യങ്ങൾ,ശൈശവ–-മാനസികരോഗം, പഠനവൈകല്യം തുടങ്ങിയ വിഭാഗങ്ങളിലുള്ളവർ നിർമിച്ച കരകൗശലവസ്തുക്കളുടെ മിഴിവ് ആരെയും വിസ്മയിപ്പിക്കും. വിവിധതരം ബോട്ടിൽ പെയിന്റിങ്ങുകൾ, മുളയും തെങ്ങിൻതടിയും കൊണ്ട് നിർമിച്ച പെൻ ഹോൾഡർ, തവി, ചട്ടുകം തുടങ്ങിയ ഉൽപ്പന്നങ്ങൾ, നൂലുകൊണ്ട് ഉണ്ടാക്കിയ വ്യത്യസ്ത ഉൽപ്പന്നങ്ങൾ, ഹാൻഡ് വാഷുകൾ, ഡിഷ് വാഷുകൾ തുടങ്ങിയവയാണ് സ്‌റ്റാളുകളിലുള്ളത്. ഇത്തരം പ്രശ്നങ്ങളുള്ള വിഭാഗങ്ങളിലെ 18 വയസ്സു കഴിഞ്ഞവർക്ക് തൊഴിലും തൊഴിൽപരിശീലനവും നൽകുന്ന എരഞ്ഞിപ്പാലം യുഎൽ കെയർ നായനാർ സദനമാണ് സ്റ്റാളിനുപിന്നിൽ. ഊരാളുങ്കൽ ലേബർ കോൺട്രാക്ട് കോ ഓപ്പറേറ്റീവ് സൊസൈറ്റിയുടെ സാമൂഹികസേവന വിഭാഗമായ യുഎൽ ഫൗണ്ടേഷൻ നടത്തുന്ന സ്ഥാപനമാണിത്.
സാങ്കേതിക സങ്കീർണതയില്ലാത്ത ഏതുജോലിയും സാധാരണ ആളുകൾ ചെയ്യുന്നതുപോലെ ഇത്തരക്കാർക്കും ആവർത്തനവിരസതയില്ലാതെ ചെയ്യാനാകും എന്ന ബോധവത്കരമാണ് സർഗാലയിലെ സ്റ്റാളിലൂടെ ലക്ഷ്യമിടുന്നതെന്ന് യുഎൽ ഫൗണ്ടേഷൻ ഡയറക്ടർ ഡോ. എം കെ ജയരാജ് പറഞ്ഞു.