
ഗ്രാമപ്രദേശങ്ങളിൽ അതിവേഗ ഇന്റർനെറ്റ് കണക്‌ഷനുമായി ബിഎസ്‌എൻഎൽ ഫൈബർ നെറ്റ്‌വർക്ക്. ഉദ്യമി സ്‌കീം മുഖേന മൂന്നുമാസത്തിനിടെ മൂവായിരം പേർക്കാണ് കോഴിക്കോട് ഡിവിഷനുകീഴിൽ കണക്‌ഷൻ നൽകിയത്. ഗ്രാമീണമേഖലയിലെ വീടുകളിലും സ്ഥാപനങ്ങളിലും 30 മുതൽ 300 എംബിപിഎസ് വരെ വേഗമുള്ള ഫൈബർ കണക്‌ഷനുകളാണ് നൽകുന്നത്. നിലവിൽ 52 പഞ്ചായത്തിലാണ് ഫൈബർ നെറ്റ്‌വർക്കുള്ളത്. ഇവിടങ്ങളിൽനിന്ന് കേബിൾ ഓപ്പറേറ്റർമാരും സ്വകാര്യ കേബിൾ കമ്പനികളുമാണ് ഗാർഹിക, സ്ഥാപന കണക്‌ഷനുകൾ നൽകുന്നത്.
ഇൻസ്റ്റലേഷൻ ചാർജും മോഡം ചാർജും നൽകേണ്ടതില്ലെന്നതാണ് പ്രധാന സവിശേഷത. സ്വകാര്യ കമ്പനികൾ 3000 മുതൽ 3500 രൂപയാണ് ഇവയ്‌ക്ക് ഈടാക്കുന്നത്. ഉപഭോക്താക്കൾ മാസവാടക മാത്രം നൽകിയാൽ മതി. 329, 449 രൂപയുടെ പ്ലാനുകളാണുള്ളത്.
വർഷം ലക്ഷം കണക്‌ഷനാണ് ബിഎസ്‌എൻഎൽ ലക്ഷ്യമിടുന്നത്. കഴിഞ്ഞ ഒക്‌ടോബറിലാണ് ജില്ലയിൽ പദ്ധതി ആരംഭിച്ചത്. മൂന്നുമാസംകൊണ്ട് കോഴിക്കോട്, വയനാട് ജില്ലകളിലായി 3100 ഉപഭോക്താക്കൾ പദ്ധതി പ്രയോജനപ്പെടുത്തി. ഡിസംബറിൽ പദ്ധതി കാലാവധി അവസാനിക്കുമെങ്കിലും പദ്ധതി തുടരും. പദ്ധതി കൂടുതൽ ജനങ്ങളിലേക്ക് എത്തിക്കാൻ ബിഎസ്‌എൻഎൽ എക്‌സ്‌ചേഞ്ചുകളിൽ
പ്രത്യേക മേളകൾ സംഘടിപ്പിക്കുന്നുണ്ട്. 27, 28, 29 തീയതി കളിൽ പന്തീരാങ്കാവ് എക്സ്ചേഞ്ചിൽ മേള നടക്കും.