
വലിയങ്ങാടി-പാളയം റോഡ് വൺവേയാക്കികൊണ്ട് ഗതാഗതപരിഷ്കരണം. അതിനാൽ ഇനിമുതൽ വലിയങ്ങാടി ഭാഗത്തുനിന്ന് പാളയം ഭാഗത്തേക്ക് മാത്രമേ ഇതുവഴി വാഹനങ്ങൾ കടത്തിവിടൂ. പാളയം ഭാഗത്തുനിന്ന് വലിയങ്ങാടിയിലേക്ക് ഈ റോഡിലൂടെ ഗതാഗതം നിരോധിച്ചു.
സി.എച്ച്. മേൽപ്പാലം ബലപ്പെടുത്തലിന്‍റെ ഭാഗമായി നഗരത്തിൽ ഗതാഗത പരിഷ്കരണം ഏർപ്പെടുത്തുന്നുണ്ട്. അതിന്റെ മുന്നോടിയായാണ് പാളയം-വലിയങ്ങാടി റോഡിലെ നിരോധനം. പാളയത്തുനിന്ന് വലിയങ്ങാടിയിലേക്ക് പോകേണ്ട വാഹനങ്ങൾ ലിങ്ക് റോഡു വഴി റെയിൽവേ സ്റ്റേഷന് മുന്നിലേക്ക് പ്രവേശിച്ച് റെയിൽവേ മേൽപ്പാലം കടന്ന് വലിയങ്ങാടി ഭാഗത്തേക്ക് പ്രവേശിക്കണം.
ശനിയാഴ്ചമുതൽ സി.എച്ച്. പാലത്തിലൂടെയുള്ള ഗതാഗതം നിരോധിച്ചേക്കുമെന്നാണ് കരുതുന്നത്. വാഹനങ്ങൾ പലവഴി തിരിച്ചുവിടാനും ധാരണയായിട്ടുണ്ട്. അങ്ങനെ വരുമ്പോൾ നഗരത്തിൽവരുന്ന തിരക്കുകൾ നിയന്ത്രിക്കാനാകുമോ എന്ന് പരിശോധിക്കാനാണ് ഇത്തരത്തിലൊരു പരിഷ്കരണം നടത്തിയതെന്ന് സിറ്റി ട്രാഫിക് ഇൻസ്പെക്ടർ എൽ. സുരേഷ് ബാബു പറഞ്ഞു.