
ജില്ലയിൽ പകർച്ചവ്യാധികൾക്ക് മികച്ചതും സുരക്ഷിതവുമായ ചികിത്സ ഒരുക്കുന്നതിനുള്ള മൂന്ന് ഐസൊലേഷൻ വാർഡുകൾ തയ്യാറായി. ചേവായൂർ ത്വക് രോഗാശുപത്രി, കുതിരവട്ടം മാനസികാരോഗ്യ കേന്ദ്രം, കുന്നുമ്മൽ സിഎച്ച്‌സി എന്നിവിടങ്ങളിലാണ് ഐസൊലേഷൻ വാർഡുകളായത്. മറ്റ് നിയമസഭ മണ്ഡലങ്ങളിലും ആറ് മാസത്തിനുള്ളിൽ ഈ സംവിധാനം വരും.
നിപാ, കോവിഡ് അനുഭവ പശ്‌ചാത്തലത്തിലാണ് പകർച്ച വ്യാധികൾ ചികിത്സിക്കാൻ ഐസൊലേഷൻ വാർഡുകൾ നിർമിക്കാൻ തീരുമാനിച്ചത്. മറ്റിടങ്ങളിൽ സിഎച്ച്‌സികളോട് ചേർന്നാണ് ഐസൊലേഷൻ വാർഡുകൾ വരുന്നത്. 10 കിടക്കകളുള്ള വാർഡിൽ ഓക്‌സിജൻ, കാർഡിയാക് മോണിറ്ററിങ് തുടങ്ങിയ എല്ലാ സൗകര്യങ്ങളുമുണ്ട്. പകർച്ചവ്യാധി സാഹചര്യങ്ങളിൽ ഈ ആവശ്യങ്ങൾക്കും അല്ലാത്തപ്പോൾ മറ്റ് ആവശ്യങ്ങൾക്കും ഉപയോഗിക്കാം.
രണ്ടാം ഘട്ടത്തിൽ നരിക്കുനി, ഓർക്കാട്ടേരി, മേലടി, മുക്കം എന്നിവിടങ്ങളിലാണ് വാർഡുകൾ നിർമാണം തുടങ്ങിയത്. കിടത്തി ചികിത്സ ഇല്ലാത്തിടങ്ങളിൽ മൾട്ടിപർപ്പസ് വാർഡുകളായാണ് ഒരുക്കുന്നത്. 2,400 ചതുരശ്ര അടിയിലാണ് കെട്ടിടം. ചുരുങ്ങിയ സമയത്തിനുള്ളില്‍ നിര്‍മാണം പൂര്‍ത്തിയാക്കുന്ന പ്രീ എൻജിനിയറിങ് സാങ്കേതികവിദ്യയാണ് ഉപയോഗിക്കുന്നത്. നാലര മാസത്തിനുള്ളില്‍ കെട്ടിടം പൂര്‍ത്തിയാക്കാന്‍ ഇതുമൂലം സാധിക്കും. പണി പൂർത്തിയായ മൂന്ന് വാർഡുകളുടെ ഉദ്‌ഘാടനം ഉടൻ നടക്കും. കേരള മെഡിക്കൽ സർവീസസ് കോർപറേഷനാണ് നിർവഹണ ചുമതല.