
ലോകകപ്പ് ഫുട്‌ബോളിന്റെ ആതിഥേയരായ ഖത്തറിന്റെ രാജാവ് ശൈഖ് തമീം അൽത്താനിയുടെ കൂറ്റൻ കട്ടൗട്ട് ഉയർത്തി അദ്ദേഹത്തിന്റെ ആരാധകർ. കാൽപ്പന്ത് കളിയുടെ ആവേശം ചോരാതെ കാത്തുസൂക്ഷിക്കുന്ന കിഴക്കൻമലയോരമേഖലയായ തൊട്ടിൽപ്പാലത്തെ വിവിധ ഫാൻസുകൾചേർന്ന് ഖത്തർ പ്രവാസി കൂട്ടായ്മയുടെ നേതൃത്വത്തിലാണ് ലോകകപ്പ് ഫുട്‌ബോൾ ഖത്തറിലെത്തിച്ച രാജ്യനായകന്റെ കൂറ്റൻ കട്ടൗട്ട് ഉയർത്തിയിരിക്കുന്നത്. അന്തർസംസ്ഥാനപാത കൂടിയായ വയനാടുചുരം റോഡിലെ പട്ട്യാട്ടുപുഴയിലാണ് 40 അടി ഉയരമുള്ള കട്ടൗട്ട് ഉയർന്നിരിക്കുന്നത്. എവിടെയും ഫാൻസുകൾ അവരവരുടെ ടീം നായകന്റെ കട്ടൗട്ടുകൾ നാടെങ്ങുമുയർത്തുമ്പോൾ, ഫുട്‌ബോളിന്റെ ആവേശത്തിമിർപ്പിൽ ഖത്തർ കൂട്ടായ്മയുടെ നേതൃത്വത്തിൽ ഇത്തരമൊരു കട്ടൗട്ട് ഉയർത്തിയത് വേറിട്ടതായി. വിവിധഫാൻസുകൾ ഒരുമിച്ചാണ് കട്ടൗട്ട് പട്ട്യാട്ടുപുഴയിലെത്തിച്ചത്. ഖത്തറിൽ ജോലിചെയ്യുന്ന ഒട്ടേറെ പ്രവാസികളുള്ള മേഖലയാണ് തൊട്ടിൽപ്പാലം. പട്ട്യാട്ടുപുഴ തീരത്ത് ബിഗ് സ്ക്രീനിൽ ഒരുമാസം നീളുന്ന ലോകകപ്പ് മത്സരം കാണാനുള്ള സൗകര്യം ഇതോടൊപ്പം ഡി.വൈ. എഫ്.ഐ. ഒരുക്കിയിട്ടുണ്ട്.