
മലയാളികൾക്ക് വിഷുവിന് കണികാണാൻ ഒരേക്കർ സ്ഥലത്ത് കണിവെള്ളരി വിളയിച്ചിരിക്കുകയാണ് കൃഷിവകുപ്പിന് കീഴിലുള്ള പേരാമ്പ്രയിലെ സംസ്ഥാന സീഡ് ഫാം. ഇത്തവണത്തെ വിളവെടുപ്പ് തുടങ്ങിക്കഴിഞ്ഞു. കിലോയ്ക്ക് 50 രൂപ നിരക്കിൽ പേരാമ്പ്ര സീഡ് ഫാമിൽ ലഭ്യമാകും. 750 കിലോയെങ്കിലും വിൽപ്പനയ്ക്കായി ഉണ്ടാകുമെന്നാണ് പ്രതീക്ഷിക്കുന്നത്.
ജില്ലാപഞ്ചായത്ത് പ്രസിഡന്റ് ഷീജാ ശശി കണിവെള്ളരി വിളവെടുപ്പ് ഉദ്ഘാടനം നിർവഹിച്ചു. ജില്ലാപഞ്ചായത്തംഗം സി.എം. ബാബു, സീനിയർ കൃഷി ഓഫീസർ പി. പ്രകാശ്, അസിസ്റ്റന്റ് കൃഷി ഓഫീസർ പി. പ്രകാശ്, അസിസ്റ്റന്റ് കൃഷി ഓഫീസർ എം.പി. സജീവൻ എന്നിവർ സംസാരിച്ചു.
നെൽവിത്തും പച്ചക്കറിവിത്തുകളുമാണ് ഫാമിൽ ഉത്പാദിപ്പിക്കുന്നത്. പച്ചക്കറിയിൽ വെള്ളരിയും മത്തനുമാണ് ഏറ്റവുംകൂടുതൽ കൃഷിയിറക്കിയത്. പടവലം, കയ്പ, ചീര, ചുരക്ക, പയർ, വെണ്ട, വഴുതിനങ്ങ, ഇളവൻ എന്നിവയെല്ലാം വിത്തുകൾക്കായി കൃഷിചെയ്തിട്ടുണ്ട്.
പേരാമ്പ്ര ചാനിയംകടവ് റോഡിന് സമീപം സ്ഥിതിചെയ്യുന്ന ഫാമിലെ പ്രവേശനഭാഗത്താണ് പച്ചക്കറിക്കൃഷിയുള്ളത്. വിത്തിന്റെ ആവശ്യം കഴിഞ്ഞുള്ള പച്ചക്കറി പേരാമ്പ്രയിൽ വിൽപ്പനയ്ക്കെത്തിക്കാറുണ്ട്. ഇത്തവണ 500 കിലോ വിത്തുണ്ടാക്കാനാണ് കൃഷിവകുപ്പിന്റെ നിർദേശം. കഴിഞ്ഞവർഷത്തെക്കാൾ ഇരട്ടിയാണിത്. അതിനാൽ ഇത്തവണ വിത്തിന്റെ ആവശ്യത്തിനുമാത്രമേ പച്ചക്കറി ഉണ്ടാകൂ.