
ഇന്ത്യ ആദ്യമായി ആതിഥേയത്വം വഹിക്കുന്ന വേൾഡ് ഫൂട്ട് വോളി ചാമ്പ്യൻഷിപ്പിന് കോഴിക്കോട് ബീച്ചിൽ തുടക്കമായി.
ആതിഥേയരായ ഇന്ത്യയടക്കമുള്ള പന്ത്രണ്ടോളം രാജ്യങ്ങളാണ് മൂന്നുദിവസം നീണ്ടുനിൽക്കുന്ന ചാമ്പ്യൻഷിപ്പിൽ ഏറ്റുമുട്ടുന്നത്. മേയർ ഡോ. എം. ബീനാ ഫിലിപ്പ് ഉദ്ഘാടനംചെയ്തു. ചാമ്പ്യൻഷിപ്പ് ഓർഗനൈസിങ് സെക്രട്ടറി എ.കെ. മുഹമ്മദ് അഷ്റഫ് റിപ്പോർട്ടവതരിപ്പിച്ചു. എ.ഡി.എം. സി. മുഹമ്മദ് റഫീഖ് അധ്യക്ഷത വഹിച്ചു. ഫൂട്ട് വോളി വേൾഡ് വൈഡ് സെക്രട്ടറി ജനറൽ അഫ്ഗാൻ അംദ്‌ജേജ് ഹജി (അസർബയ്‌ജാൻ), ഇന്ത്യൻ ഫൂട്ട് വോളി അസോസിയേഷൻ പ്രസിഡന്റ് രാം അവ്താർ, നേപ്പാൾ മേയർ പ്രകാശ് അധികാരി, കോർപ്പറേഷൻ കൗൺസിലർ റംലത്ത്, സ്പോർട്‌സ് കൗൺസിൽ പ്രസിഡന്റ് ഒ. രാജഗോപാൽ, കെ.വി. അബ്ദുൾ മജീദ്, എം. മുജീബുറഹ്‌മാൻ, ടി.എം. അബ്ദുറഹ്‌മാൻ, കെൻസ ബാബു പാലക്കണ്ടി, അസീം വെളിമണ്ണ, സി.പി.എ. റഷീദ്, എം.എ. സാജിദ്, സുബൈർ കൊളക്കാടൻ, ആർ. ജയന്ത് കുമാർ എന്നിവർ സംസാരിച്ചു. ടൂർണമെന്റ് ലോഗോ ഡിസൈൻചെയ്ത അസ്ലം തിരൂരിന് മേയർ ഉപഹാരം നൽകി.
ഒന്നാംദിവസത്തെ ആദ്യമത്സരത്തിൽ ആദ്യ ബാച്ചിൽ രണ്ടുസെറ്റ് കളിയിൽ 16-13 പോയന്റിന് വിയറ്റ്‌നാമിനെ പരാജയപ്പെടുത്തി ഫ്രാൻസ് വിജയിയായി. രണ്ടാം മാച്ചിൽ രണ്ടുസെറ്റ് കളിയിൽ 16-4 പോയന്റിന് നേപ്പാളിനെ പരാജയപ്പെടുത്തി റൊമാനിയ വിജയിയായി. രണ്ടാം മാച്ചിൽ 17-15-ന് ബംഗ്ലാദേശിനെ പരാജയപ്പെടുത്തി യു.എ.ഇ. വിജയിച്ചു.