ജില്ലയിൽ കായിക വിപണി ഒരുങ്ങി; മിനി കട്ട് ഔട്ടുകൾ, ടീമുകളുടെ പതാക, ബാഗുകൾ, തൊപ്പികൾ...
09 Nov 2022
News
ഫുട്ബോളിനെ നെഞ്ചേറ്റിനടക്കുന്ന ആരാധകരുടെ ആവേശം ഏറ്റെടുത്തുകൊണ്ട് ജില്ലയിലെ കായിക വിപണി ഒരുങ്ങി കഴിഞ്ഞിരിക്കുന്നു. ലോകകപ്പ് ഫുട്ബാൾ ആവേശത്തിന് മാറ്റേകാൻ ലോകകപ്പുമായി ബന്ധപ്പെട്ട ചെറുതും വലുതുമായ ഉല്‌പന്നങ്ങളുമായി വിപണി തയ്യാർ.
പുഴയിലും, തുരുത്തിലും കൂറ്റൻ കട്ട് ഔട്ടുകൾ ഉയർന്നതോടെ, ആരാധകർക്കായി കുഞ്ഞൻ കട്ട് ഔട്ടുകൾ വിപണിയിൽ ട്രെൻഡിങ്ങായി മാറിയിരിക്കുകയാണ്. മെസ്സി, നെയ്മർ, റൊണാൾഡോ തുടങ്ങിയ താരങ്ങളുടെ കട്ട് ഔട്ടുകൾക്കാണ് ആവശ്യക്കാരേറെ. രണ്ടടി മുതൽ ആറടി വരെയാണ് കട്ട് ഔട്ട് ലഭ്യമാക്കിയിട്ടുള്ളത്. 500 മുതൽ 3000 രൂപവരെയാണ് വില.
ലോകകപ്പ് കളർ ആക്കാൻ ജേഴ്സികളും തയ്യാർ. കടകളിൽ ഇഷ്ടതാരങ്ങളുടെയും, ടീമിന്റെയും ജേഴ്സികൾ സുലഭം. ലോകകപ്പിന്റെ ആവേശത്തിൽ ക്ലബ്ബ്കളും മറ്റു കൂട്ടായ്മകളും സംഘടിപ്പിക്കുന്ന മത്സരങ്ങൾക്കായി ബൾക്ക് ഓർഡറുകളാണ് ലഭിക്കുന്നത്. എല്ലാ സൈഡിലും ജേഴ്സികൾ ലഭ്യമാണ്.
വിവിധ ടീമുകളുടെ പതാക, ബാഗുകൾ, തൊപ്പികൾ, കീ ചെയിനുകൾ, ഷാൾ, ടവൽ, കയ്യിലണിയുന്ന ബാൻഡുകൾ എല്ലാം വിപണിയിൽ ലഭ്യമാണ്. ഖത്തർ ലോകകപ്പിന് ഇനി ദിവസങ്ങൾ മാത്രം ശേഷിക്കവേ ആരാധകരുടെ ആവേശത്തിന് തിളക്കം കൂട്ടുകയാണ് ഈ ഉത്പന്നങ്ങൾ.