
കോഴിക്കോട് ശാന്തിഗിരിയുടെ ആത്മീയ സൗധമായ 'വിശ്വജ്ഞാന മന്ദിരം' 10നു രാവിലെ 10.30നു ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ നാടിനു സമർപ്പിക്കും. കക്കോടി ആനാവുകുന്നിൽ 9ന് രാവിലെ 9ന് ആശ്രമം ഗുരുസ്ഥാനീയ ശിഷ്യ അമൃതജ്ഞാന തപസ്വിനി വിശ്വജ്ഞാന മന്ദിരത്തിനു തിരിതെളിക്കും.
കരുണാകര ഗുരുവിന്റെ എണ്ണഛായാ ചിത്രം മന്ദിരത്തിന്റെ മധ്യഭാഗത്തായുളള മണ്ഡപത്തിൽ പ്രതിഷ്ഠിക്കും. ജാതിമത ഭേദമേന്യേ ആർക്കും സന്ദർശിക്കാമെന്നതാണ് വിശ്വജ്ഞാന മന്ദിരത്തിന്റെ സവിശേഷതയെന്ന് ശാന്തിഗിരി ഹെൽത്ത് കെയർ ആൻഡ് റിസർച് ഓർഗനൈസേഷൻ മേധാവി സ്വാമി ഗുരുസവിധ് ജ്ഞാനതപസ്വിയും സ്വാമി ആത്മധർമൻ ജ്ഞാനതപസ്വിയും പറഞ്ഞു.
14,000 ചതുരശ്ര അടി വിസ്തൃതിയിലും 72 അടി ഉയരത്തിലും മൂന്നു നിലകളിലായാണ് ആത്മീയ സൗധം. ഓരോ നിലയിലും 36 ഇതളുകളുളള പൂർണമായി വിടർന്ന 12 വീതം താമര ശിൽപം, അകത്തളത്തിൽ 34 തൂണുകൾ, താഴത്തെ നിലയിൽ മധ്യഭാഗത്തായി 21 അടി ചുറ്റളവിൽ മണ്ഡപം, അതിനോടു ചേർന്ന് ബാലാലയം എന്നിവയുണ്ടാകും. മുകളിലത്തെ നിലകളിൽ ഗുരു ഉപയോഗിച്ചിരുന്ന സാധനങ്ങൾ സൂക്ഷിക്കുന്ന മ്യൂസിയമാണുള്ളത്.
സമർപ്പണ ആഘോഷങ്ങളുടെ ഭാഗമായി 6ന് ഫ്രീഡം സ്ക്വയറിൽ വലിയ മൺചിത്രമൊരുങ്ങും. 8ന് കാരുണ്യം ആരോഗ്യ പദ്ധതിയുടെ ഭാഗമായി കക്കോടി പടിഞ്ഞാറ്റുമുറി ഗവ. യുപി സ്കൂളിൽ സൗജന്യ മെഗാ മെഡിക്കൽ ക്യാംപ് നടക്കും. 9നു രാവിലെ നടക്കുന്ന ചടങ്ങിൽ കോഴിക്കോട്ടെ വിവിധ മേഖലകളിലെ 150 പ്രമുഖരെ ആദരിക്കും. 3 ദിവസത്തെ വിവിധ സമ്മേളനങ്ങളിൽ മന്ത്രിമാരായ പി.എ.മുഹമ്മദ് റിയാസ്, എ.കെ.ശശീന്ദ്രൻ, അഹമ്മദ് ദേവർകോവിൽ എന്നിവരും എം.കെ. രാഘവൻ എംപി, പ്രതിപക്ഷ നേതാവ് വി.ഡി.സതീശൻ എന്നിവരും പങ്കെടുക്കും.