
കേരള ലളിതകലാ അക്കാദമിയുടെ ‘ദ റോഡ് ലെസ് ട്രാവൽഡ്'- കലാപ്രദർശനത്തിന് ശനിയാഴ്‌ച തുടക്കം കുറിക്കും. ഇന്ത്യയിലെയും വിദേശത്തെയും 126 പ്രമുഖ പ്രിന്റ് മേക്കേഴ്‌സിന്റെ കലാസൃഷ്ടികളാണ് പ്രദർശിപ്പിക്കുക. കോഴിക്കോട് ലളിതകലാ അക്കാദമി ആർട്ട് ഗ്യാലറി, പുതിയറ എസ് കെ പൊറ്റെക്കാട്ട് കൾച്ചറൽ സെന്റർ എന്നിവിടങ്ങളിലായി 350 സൃഷ്ടികൾ പ്രദർഹാനത്തിൽ ഉണ്ടാകും. വൈകിട്ട് അഞ്ചിന് പ്രിന്റ് മേക്കറും ചെന്നൈ സെൻട്രൽ ലളിത്കലാ അക്കാദമി മുൻ മേഖലാ സെക്രട്ടറിയുമായ ആർ എം പളനിയപ്പൻ ഉദ്ഘാടനംചെയ്യും. ഡിസംബർ അഞ്ചിന് സമാപിക്കും.
രാജാ രവിവർമ, ഭൂപൻ ഖാക്കർ, കെ ജി സുബ്രഹ്മണ്യൻ, സോംനാഥ് ഹോർ, ലക്ഷ്മ ഗൗഡ്, സുരേന്ദ്രൻ നായർ തുടങ്ങി വിശ്വോത്തര പ്രിന്റ് മേക്കേഴ്‌സിന്റെ സൃഷ്ടികൾ കലാസ്വാദകർക്ക് മുന്നിലെത്തുമെന്ന് ലളിതകലാ അക്കാദമി സെക്രട്ടറി എൻ ബാലമുരളീകൃഷ്ണൻ പറഞ്ഞു. പ്രദർശനത്തിന്റെ ക്യൂറേറ്റർ ടി ആർ സുനിൽ ലാൽ, അക്കാദമി നിർവാഹക സമിതി അംഗം സുനിൽ അശോകപുരം എന്നിവരും വാർത്താസമ്മേളനത്തിൽ പങ്കെടുത്തു.