
ഒന്നര വർഷമായി ചോർച്ചയും ഇലക്ട്രിക്കൽ തകരാറും കാരണം പൂട്ടി കിടക്കുന്ന ടഗോർ ഹാൾ കെട്ടിടം പുനർ നിർമിക്കുന്നതിനുള്ള നടപടികൾ തുടങ്ങി. ഹാൾ പൂർണമായും പൊളിച്ചു നീക്കി ബഹുവിധ ആവശ്യങ്ങൾക്കായുള്ള സമുച്ചയം നിർമിക്കാൻ കോർപറേഷൻ കൗൺസിൽ തീരുമാനം എടുത്തിരുന്നു. ഇതിന്റെ അടിസ്ഥാനത്തൽ ബഹുനില സമുച്ചയത്തിന്റെ രൂപരേഖ തയാറാക്കാൻ നഗരത്തിലെ പ്രമുഖ ആർക്കിടെക്ടുമാരിൽ നിന്നു താൽപര്യപത്രം ക്ഷണിക്കും.
1500 പേർക്ക് ഇരിക്കാൻ സൗകര്യമുള്ള ഹാളും അനുബന്ധമായ മറ്റു സൗകര്യങ്ങളുമെല്ലാം അടങ്ങിയതായിരിക്കും പുതിയ മന്ദിരം. ഒരാഴ്ചയ്ക്കകം താൽപര്യപത്രം ക്ഷണിക്കുമെന്ന് ഡപ്യൂട്ടി മേയർ സി.പി.മുസാഫർ അഹമ്മദ് പറഞ്ഞു. ഇതിനായുള്ള വിശദമായ പദ്ധതി രേഖ തയാറാക്കാൻ നേരത്തെ തീരുമാനിച്ചതാണ്. നാടകം ഉൾപ്പെടെയുള്ള സാംസ്കാരിക പരിപാടികൾക്ക് അനുയോജ്യമായ ഹാളായിരിക്കും നിർമിക്കുക. വിശാലമായ പാർക്കിങ് സൗകര്യവും ഉണ്ടായിരിക്കും. 6 പതിറ്റാണ്ട് മുൻപ് രബീന്ദ്രനാഥ് ടഗോറിന്റെ ജന്മശതാബ്ദിയോടനുബന്ധിച്ച് രാജ്യത്തെ പ്രമുഖ നഗരങ്ങളിൽ ടഗോറിന്റെ ഓർമയ്ക്കായി സാംസ്കാരിക കേന്ദ്രങ്ങൾ സ്ഥാപിക്കുന്നതിന്റെ ഭാഗമായി കേന്ദ്ര സർക്കാർ ഫണ്ട് ഉപയോഗിച്ച് നിർമിച്ചതായിരുന്നു ഇപ്പോഴത്തെ ടഗോർ ഹാൾ. ദേശീയതലത്തിലുള്ള ഒട്ടേറെ സാംസ്കാരിക പരിപാടികൾക്കും ചലച്ചിത്രോത്സവങ്ങൾക്കും നാടകോത്സവങ്ങൾക്കും ദേശീയ നേതാക്കൾ അണിനിരന്ന രാഷ്ട്രീയ സമ്മേളനങ്ങൾക്കും വേദിയായിരുന്ന ടഗോർഹാൾ, പിൽക്കാലത്ത് വിവാഹങ്ങൾക്കും സൽക്കാരങ്ങൾക്കും നൽകിയിരുന്നു.
കെട്ടിടത്തിന്റെ കാലപ്പഴക്കം കാരണം ചോർച്ചയുണ്ടാകുകയും ഇലക്ട്രിക്കൽ തകരാർ കാരണം എ സി പണിമുടക്കുന്നത് പതിവാകുകയും ചെയ്തതോടെ പലതവണ അറ്റകുറ്റപ്പണി നടത്തിയെങ്കിലും തകരാറുകൾ ആവർത്തിച്ചു കൊണ്ടിരുന്നു. ഇതേ തുടർന്ന് കോർപറേഷൻ എൻജിനിയറിങ് വിഭാഗം വിശദമായ പരിശോധന നടത്തിയാണ് ഹാൾ പൂർണമായും പൊളിച്ചു നീക്കി പുതിയ ഹാൾ നിർമിക്കുക എന്ന നിർദേശം മുന്നോട്ടു വച്ചത്. ഇത് കോർപറേഷൻ കൗൺസിൽ അംഗീകരിച്ചതോടെയാണ് ഹാൾ വാടകയ്ക്ക് കൊടുക്കുന്നത് ഒന്നര വർഷമായി കോർപറേഷൻ നിർത്തിവച്ചത്.