
തൃക്കുടമണ്ണക്ഷേത്രംമുതൽ മുക്കംപാലംവരെ പുഴയോരത്ത് കരിങ്കൽഭിത്തി കെട്ടി ടൂറിസംകേന്ദ്രം നിർമിക്കാനാണ് ആലോചന. മുക്കാൽ കിലോമീറ്ററോളം കരിങ്കൽഭിത്തി കെട്ടുന്നതിനായി പത്തുകോടിയോളം രൂപ ചെലവുവരുമെന്നാണ് പ്രതീക്ഷിക്കുന്നത്. ഇതുസംബന്ധിച്ച് ജലസേചനവകുപ്പ് ശുപാർശ തയ്യാറാക്കി സർക്കാരിന് സമർപ്പിച്ചിട്ടുണ്ട്.
ഒരുപഞ്ചായത്തിൽ ഒരു ടൂറിസംകേന്ദ്രം പദ്ധതിയുടെ ഭാഗമായാണ് പുഴയോരത്ത് വിനോദസഞ്ചാരകേന്ദ്രം നിർമിക്കാൻ ഉദ്ദേശിക്കുന്നത്. പുഴയോടുചേർന്ന് ഒട്ടേറെ സ്ഥലം സർക്കാരിന്റെ കൈവശമുണ്ട്. ഇവിടെ വിനോദസഞ്ചാരകേന്ദ്രം നിർമിക്കാനാണ് ഉദ്ദേശിക്കുന്നത്. നടപ്പാതയും ഇരിപ്പിടങ്ങളും വിശ്രമകേന്ദ്രവും പൂന്തോട്ടവുമെല്ലാം ഒരുക്കും. സർക്കാരിന്റെ നേതൃത്വത്തിൽ വ്യാപാരസ്ഥാപനങ്ങളും അടിസ്ഥാനസൗകര്യങ്ങളും ഒരുക്കുന്നതിലൂടെ ഒട്ടേറെപ്പേർക്ക് തൊഴിലവസരമൊരുങ്ങും. സന്നദ്ധസംഘടനകളുടെയും കൂട്ടായ്മകളുടെയും വ്യാപാരസ്ഥാപനങ്ങളുടെയും സ്പോൺസർഷിപ്പായും പദ്ധതി നടപ്പാക്കാൻ ആലോചനയുണ്ട്.