
പ്രിയപ്പെട്ടവർക്ക് കൈനീട്ടം നൽകാനും സ്വീകരിക്കാനും സൗകര്യമൊരുക്കുകയാണ് തപാൽ വകുപ്പ്. ഇത്തവണത്തെ വിഷുവിന് കൈനീട്ടവുമായി പടികയറിയെത്തും പോസ്‌റ്റുമാൻ. തപാൽവകുപ്പ് ഏർപ്പെടുത്തിയ പദ്ധതിയിലൂടെ ബുധനാഴ്‌ച മുതൽ വിഷക്കൈനീട്ടം വിലാസക്കാർക്ക് എത്തിത്തുടങ്ങും.
ഇന്ത്യയിൽ എവിടെനിന്നും കേരളത്തിലുള്ളവർക്ക് വിഷുക്കൈനീട്ടം എത്തിക്കുന്നതാണ് പദ്ധതി. 101, 201, 501, 1001 എന്നിങ്ങനെയുള്ള തുകകളാണ് പ്രത്യേക കവറിൽ വിലാസക്കാർക്ക് ലഭിക്കുക. രാജ്യത്തെ ഏത് പോസ്‌റ്റോഫീസിൽനിന്നും വിഷുക്കൈനീട്ടം അയക്കാനുള്ള സൗകര്യമാണ് തപാൽ വകുപ്പ് ഏർപ്പെടുത്തിയത്. കേരളത്തിലുള്ള വിലാസക്കാർക്ക് മാത്രമാണ് ഇത് എത്തിക്കുക. പദ്ധതിയുടെ ബുക്കിങ് തിങ്കളാഴ്‌ച അവസാനിച്ചു.
കഴിഞ്ഞ വർഷം വിഷുവിന് തൊട്ടടുത്ത ദിവസങ്ങളിൽ പ്രഖ്യാപിച്ച പദ്ധതി ധാരാളം ആളുകൾ പ്രയോജനപ്പെടുത്തിയിരുന്നു. നാട്ടിലുള്ള ബന്ധുക്കൾക്കും സുഹൃത്തുകൾക്കും കൈനീട്ടം നൽകാനാണ് ഈ സൗകര്യം പലരും പ്രയോജനപ്പെടുത്തിയിരുന്നത്. പല കാരണങ്ങളാൽ വിഷുവിന് നാട്ടിലെത്താനാവാത്തവരാണ് പദ്ധതി നന്നായി പ്രയോജനപ്പെടുത്തിയത്. ചില സ്ഥാപനങ്ങളും ഈ സൗകര്യം പ്രയോജനപ്പെടുത്തിയിരുന്നു.
101 രൂപ കൈനീട്ടം നൽകാൻ 19 രൂപ ചാർജ് നൽകണം. 201 രൂപക്ക് 29 രുപയും 501 രൂപക്ക് 39 രൂപയും 1001 രൂപക്ക് 49 രൂപയാണ് തപാൽ കൂലി.