
പകൽ 1.05ന് തിരുവനന്തപുരത്തുനിന്നുള്ള ജനശതാബ്‌ദി എക്‌സ്‌പ്രസിൽ സംസ്ഥാന കലോത്സവത്തിനു പങ്കെടുക്കാൻ മത്സരാർഥികളുടെ ആദ്യസംഘം കോഴിക്കോട് റെയിൽവേ സ്‌റ്റേഷൻ നാലാം പ്ലാറ്റ്‌ഫോമിൽ വന്നിറങ്ങി. പ്രതിഭകളെ വരവേൽക്കാൻ ചെണ്ടയിൽ താളപ്പെരുക്കം മുഴങ്ങി, കൂടാതെ കോഴിക്കോടൻ ഹൽവവൈവിധ്യങ്ങളുടെ മധുരമൂറും വരവേല്പും നൽകി.
മന്ത്രിമാരായ വി ശിവൻകുട്ടിയും പി എ മുഹമ്മദ് റിയാസും ഹൽവ നൽകി സ്വാഗതമോതി. പൂച്ചെണ്ടും മാലയും പിന്നാലെ. ശേഷം കലോത്സവവണ്ടിയിൽ വിദ്യാർഥികളും അധ്യാപകരും രക്ഷിതാക്കളും രജിസ്‌ട്രേഷൻ കേന്ദ്രത്തിലേക്ക്.
തിരുവനന്തപുരം, കൊല്ലം, ആലപ്പുഴ, എറണാകുളം ജില്ലകളിലുള്ളവരായിരുന്നു ഏറെയും. എംഎൽഎമാരായ ഇ കെ വിജയൻ, പി ടി എ റഹിം എന്നിവരും സംഘാടകസമിതി ഭാരവാഹികളും സ്വീകരിക്കാനായി എത്തി.
സംസ്ഥാന സ്കൂൾ കലോത്സവ ഭക്ഷണകമ്മിറ്റിക്കുവേണ്ടി ടീച്ചേഴ്സ് തിയേറ്റർ ആൻഡ് കാലിക്കറ്റ് ഒരുക്കിയ വീഡിയോഗാനം പെൻഡ്രൈവ് മന്ത്രി വി. ശിവൻകുട്ടി പ്രകാശനംചെയ്തു. മന്ത്രി വീണാജോർജ്, മന്ത്രി മുഹമ്മദ് റിയാസ് എന്നിവർ പങ്കെടുത്തു. മിത്തുതിമോത്തി ആശയവും സംഘാടനവും നടത്തിയ പന്തിപ്പാട്ട് രചിച്ചത് ശിവദാസ് പൊയിൽക്കാവും സംഗീതംനൽകിയത് സന്തോഷ് നിസ്സ്വാർഥയുമാണ്. സജിത്ത് ക്യാമറയും മൻസൂർ എഡിറ്റിങ്ങും നടത്തി. തിരുവങ്ങൂർ ഹയർ സെക്കൻഡറി സ്കൂൾ കളർബോക്സ് തിയേറ്റർ അംഗങ്ങളും നടക്കാവ് ഗവ. ഗേൾസ് ബട്ടർഫ്ലൈ തിയേറ്റർ ഗ്രൂപ്പ് അംഗങ്ങളുമാണ് അഭിനയിച്ചിരിക്കുന്നത്. കൃഷ്ണ ബിജു, നിരഞ്ജന ശശി, അമൃതവർഷിണി, ഇൻസാഫ് അബ്ദുൽഹമീദ് എന്നിവരാണ് പാടിയിരിക്കുന്നത്.