
ഇന്നലെ ഓർമയായത് വെറുമൊരു പ്രസാധകനല്ല, മലയാളികളുടെ മനസ്സിൽ കുടിയേറിയ അനേകായിരം സാഹിത്യ കൃതികൾക്ക് പുസ്തക രൂപം നൽകിയ പ്രസാധകൻ എൻ.ഇ. ബാലകൃഷ്ണ മാരാരാണ്. ഏഴു പതിറ്റാണ്ട് മുൻപ് സൈക്കിളിൽ നഗരത്തിലെ വായനക്കാരെ തേടിയെത്തുന്ന പുസ്തക ശാലയുടെ പേരായിരുന്നു എൻ.ഇ. ബാലകൃഷ്ണ മാരാർ.
പുസ്തകങ്ങൾ പിന്നിൽ വച്ചുകെട്ടിയ ആ സൈക്കിളിലിരുന്നാണ് ജീവിതത്തിന്റെ കഠിന പാതകളെ മാരാർ പിന്നിട്ടത്.
വീട്ടിലെ ദാരിദ്ര്യം മൂലം ആറാം ക്ലാസിൽ പഠനം നിർത്തി. പതിനാലാം വയസ്സിൽ പത്ര ഏജന്റായി. ബുക് സ്റ്റാളിൽ നിന്നു പുസ്തകം കൊണ്ടു നടന്നു വിൽക്കും, പിന്നീട് ആ യാത്ര സൈക്കിളിലേക്ക് മാറ്റി. അധ്യാപകനും കവിയുമായ കവി ആർ. രാമചന്ദ്രനാണ് “ടൂറിങ് ബുക്ക് സ്റ്റാൾ” എന്ന പേരിട്ടത്.
1957ൽ ഒരു വാടകകെട്ടിടത്തിൽ ടൂറിങ് ബുക്‌സ്‌റ്റാൾ (ടിബിഎസ് ) എന്ന പേരിൽ പുസ്‌തകശാല ആരംഭിക്കുന്നത്. കേരളം മുഴുവൻ സൈക്കിൾ ചവിട്ടി പുസ്തക പ്രേമികളെ തേടിയലഞ്ഞ ഭൂതകാലത്തെ ഓർമിക്കാൻ വേണ്ടിയാണ് ഇതാരംഭിച്ചതു. പക്ഷേ, ഒരു സഹായിയെ കടയിലിരുത്തിയ ശേഷം മാരാർ വീണ്ടും സൈക്കിളിലേറി. സൈക്കിളിൽ നിന്നു പതിയെ വാനിലേക്കു സഞ്ചരിക്കുന്ന പുസ്തകശാല വളർന്നു. കോഴിക്കോട്ടെ എഴുത്തുകാരുടെയും പുസ്തകപ്രേമികളുടെയും താവളമായി ടിബിഎസ് മാറാൻ അധിക സമയമെടുത്തില്ല. 1966–ൽ സുഹൃത്തുക്കളായ എഴുത്തുകാരുടെ പിന്തുണയോടെ ‘പൂർണ പബ്ലിക്കേഷൻസ്’ ആരംഭിച്ചു.
എട്ടു പുസ്തകങ്ങളാണ് ആദ്യം പ്രസിദ്ധീകരിച്ചത് 1972–ൽ മകൻ മനോഹറിന്റെ പേരിൽ എംബിഡി എന്ന പേരിൽ കോളേജ് ഗൈഡുകൾക്കായി മറ്റൊരു സ്ഥാപനവും തുടങ്ങി. പുസ്തക വിൽപന കൂടാതെ സ്പോർട്സ്, ലാബ്, സർജിക്കൽ ഉപകരണങ്ങൾ കൂടി വിൽപനയാരംഭിച്ചു. ടിബിഎസിന് പിന്നെ തിരിഞ്ഞുനോക്കേണ്ടി വന്നിട്ടില്ല. 1988ൽ മുതലക്കുളത്ത് അഞ്ചുനിലക്കെട്ടിടത്തിലേക്ക് ടിബിഎസ് മാറി. സക്കറിയയും പി.വത്സലയുമടക്കമുള്ള മലയാളികളുടെ അനേകം പ്രിയ സാഹിത്യകാരൻമാരുടെ ആദ്യ പുസ്തകങ്ങൾ വെളിച്ചം കണ്ടത് ബാലകൃഷ്ണമാരാരുടെ കൈകളിലൂടെയാണ്.
പുസ്തക പ്രസാധക ജീവിതത്തിനിടെ ഉണ്ടാക്കിയ സാഹിത്യ സൗഹൃദങ്ങൾ ജീവിതത്തിലെ പ്രധാന നേട്ടമായി മാരാർ എന്നും കണ്ടിരുന്നു. എം.ടി.വാസുദേവൻ നായർ, സുകുമാർ അഴീക്കോട്, ഉറൂബ്, കെ എ കൊടുങ്ങല്ലൂർ, തിക്കോടിയൻ, എസ് കെ. കെ.പൊറ്റെക്കാട്, എൻ.പി.മുഹമ്മദ് തുടങ്ങിയ പലരും മാരാരുടെ ഉറ്റ സുഹൃത്തുക്കളാണ്. 1957ൽ മിഠായിത്തെരുവിൽ 25 രൂപയ്ക്ക് വാടകയ്ക്കെടുത്ത കെട്ടിടത്തിൽ ടിബിഎസ് കട തുടങ്ങിയപ്പോൾ ഉദ്ഘാടനത്തിനു വന്നത് സുകുമാർ അഴീക്കോട്,എൻ.വി. കൃഷ്ണവാരിയർ, എൻ.എൻ.പിഷാരടി തുടങ്ങിയവരാണ്.
സൈക്കിളിൽ നഗരത്തിലെ വായനക്കാരെ തേടിയെത്തുന്ന പുസ്തക ശാല ഇന്ന് അനേകം വിദേശരാജ്യങ്ങളിലെ വായനക്കാർക്ക് വിമാനത്തിൽ പുസ്തകമെത്തിക്കുന്നുണ്ട് ടിബിഎസ്.