ചാലിയാർ പുഴക്കുകുറുകെ കോഴിക്കോട് മലപ്പുറം ജില്ലകളെ ബന്ധിപ്പിച്ച് നിർമിച്ച കൂളിമാട് പാലത്തിന്റെ ഉദ്ഘാടനം ബുധനാഴ്ച
31 May 2023
News
കൂളിമാട് പാലം ബുധനാഴ്‌ച ഉദ്‌ഘാടനം ചെയ്യും. ചാലിയാർ പുഴക്കുകുറുകെ കോഴിക്കോട് – മലപ്പുറം ജില്ലകളെ ബന്ധിപ്പിച്ച് നിർമിച്ച പാലം തുറക്കുന്നതോടെ അഞ്ച് റോഡുകളുടെ സംഗമകേന്ദ്രമായി കൂളിമാട് മാറും. ഇരുവഴിഞ്ഞി, ചാലിയാർ പുഴകൾക്കുകുറുകെ സ്ഥാപിച്ച രണ്ട് പാലങ്ങളുടെ അപ്രോച്ച് റോഡ് സംഗമിക്കുന്നതും ഇവിടെയാണ്.
വൈകിട്ട് നാലിന് മന്ത്രി പി എ മുഹമ്മദ് റിയാസ് പാലം ഉദ്ഘാടനം ചെയ്യും. പി ടിഎ റഹീം എംഎൽഎ അധ്യക്ഷനാവും. കിഫ്ബിയിൽ ഉൾപ്പെടുത്തി 21.5 കോടി രൂപ ചെലവിലാണ് പാലം പണിതത്. 309 മീറ്റർ നീളമുള്ളതാണ് പാലം. ഇരുവശങ്ങളിലും 1.50 മീറ്റർ വീതിയിൽ നടപ്പാത ഉൾപ്പെടെ 11 മീറ്റർ വീതിയുണ്ട്. കൂളിമാട് ഭാഗത്ത് 135 മീറ്ററിലും മലപ്പുറം ജില്ലയിലെ മപ്രം ഭാഗത്ത് 30 മീറ്ററിലും റോഡുകൾ പണിതു. ഊരാളുങ്കൽ ലേബർ കോൺട്രാക്ട് സൊസൈറ്റിയാണ് കരാറുകാർ. 2019ലെ പ്രളയത്തിൽ ചാലിയാറിൽ ജലനിരപ്പ് ഉയർന്നതോടെ പാലം പണിയാനിരുന്ന സ്ഥലം മുങ്ങിയിരുന്നു. രൂപകൽപ്പനയിൽ മാറ്റം വരുത്തി പുതുക്കിയ എസ്റ്റിമേറ്റ് പ്രകാരമാണ് പണി പൂർത്തിയാക്കിയത്.