
ബേപ്പൂരിൽ നടക്കുന്ന അന്താരാഷ്ട്ര വാട്ടർഫെസ്റ്റിനോടനുബന്ധിച്ച പ്രദർശനവും അനുബന്ധപരിപാടികളും മന്ത്രി വീണാ ജോർജ് ഉദ്ഘാടനംചെയ്തു. വെള്ളിയാഴ്ച രാത്രി ബേപ്പൂർ മറീനയിൽ നടന്ന ചടങ്ങിൽ മന്ത്രി മുഹമ്മദ് റിയാസ് അധ്യക്ഷനായി. ഉത്തരവാദിത്വ ടൂറിസം മിഷന് കീഴിൽ പരിശീലനം ലഭിച്ചവർ നിർമിച്ച ഉത്പന്നങ്ങളുടെ പ്രദർശനമാണ് തുടങ്ങിയത്. പരിപാടിയുടെ ഭാഗമായി ചലച്ചിത്ര പിന്നണിഗായകൻ സുനിൽകുമാറും ഉണ്ണിമായയും അവതരിപ്പിച്ച ഗാനമേള അരങ്ങേറി. ശനിയാഴ്ച കോഴിക്കോട് ബീച്ചിൽ വനിതകളുടെ രാത്രി ഓട്ടം നടക്കും. കോർപ്പറേഷൻ പഴയകെട്ടിട പരിസരത്തുനിന്ന് ആരംഭിക്കുന്ന ഓട്ടം പട്ടുതെരുവ്, രക്തസാക്ഷി മണ്ഡപം, വലിയങ്ങാടി, ഗുജറാത്ത് സ്ട്രീറ്റ്, കുറ്റിച്ചിറ എന്നിവിടങ്ങളിലൂടെ കടന്ന് മിശ്കാൽപള്ളി പരിസരത്ത് സമാപിക്കും. നഗരാസൂത്രണ സ്ഥിരംസമിതി അധ്യക്ഷ കെ. കൃഷ്ണകുമാരി, ‘നമ്മൾ ബേപ്പൂർ’ ചെയർമാൻ കെ.ആർ. പ്രമോദ്, കൗൺസിലർമാരായ ടി. രജിനി, പി.കെ. ഷമീന, ടി.കെ.എ. ഗഫൂർ, കെ.പി. ഹുസൈൻ തുടങ്ങിയവർ സംസാരിച്ചു.