
കോഴിക്കോട് നഗരത്തില്‍ അശോക ആശുപത്രി ഒരു വേറിട്ട കാഴ്ചയായി പല കാലങ്ങൾ പിന്നിട്ടു. പണ്ട് കാലം തൊട്ടേ പ്രസവത്തിനു പേരുകേട്ട ഈ ആശുപത്രി ഓര്‍മയാവുകയാണ്. ഒപ്പം മാനത്ത് നോക്കി നാഴികയും വിനാഴികയും ഗണിച്ചിരുന്ന കാലം മുതല്‍ നഗരത്തെ 24 മണിക്കൂറും സമയം അറിയിച്ച് ഓടി കൊണ്ടിരുന്ന വിയന്ന ക്ലോക്കും.
റോഡ് വികസനത്തിന്റെ ഭാഗമായി ആശുപത്രിയിലെ ഓപ്പറേഷന്‍ തിയേറ്റര്‍ ഉള്‍പ്പെടെ പ്രവര്‍ത്തിക്കുന്ന ഭാഗം പൊളിച്ചു മാറ്റപ്പെടും. അതോടെ ആശുപത്രി തുടര്‍ന്ന് പ്രവര്‍ത്തിപ്പിക്കാന്‍ കഴിയില്ല എന്നത് കൊണ്ടാണ് അടച്ചു പൂട്ടാന്‍ തീരുമാനിച്ചതെന്നു ആശുപത്രി ഡയറക്ടര്‍ ഡോക്ടല്‍ അശ്വിന്‍ രാമകൃഷ്ണന്‍ പറഞ്ഞു. പുതിയ കെട്ടിടം പണിയാന്‍ സ്ഥലപരിമിതികള്‍ ഉണ്ട്. നിലവിലെ സാഹചര്യത്തില്‍ പൂര്‍ണമായും കെട്ടിടം പൊളിച്ച് പുതിയ ആശുപത്രി പണിയുക പ്രയാസം ആണെന്നും ഡയറക്ടര്‍ പറയുന്നു. ഡിസംബര്‍ 31 വരെ മാത്രമേ രോഗികളെ പ്രവേശിപ്പിക്കു. ജനുവരി 15ന് ആശുപത്രി പൂര്‍ണമായും അടച്ചു പൂട്ടും.
92 വര്‍ഷം മുമ്പ് 1930ല്‍ തൃശ്ശൂര്‍ ചാവക്കാട് സ്വദേശി ഡോക്ടര്‍ വി.ഐ.രാമന്‍ ആണ് അശോക ആശുപത്രി സ്ഥാപിച്ചത്. യൂറോപ്പിലെ വിയന്നയില്‍ ആയിരുന്നു വടക്കേ മലബാറിലെ പ്രശസ്ത ഗൈനൊക്കോളജിസ്‌റ് ആയിരുന്ന അദ്ദേഹത്തിന്റെ ഉന്നത പഠനം. യൂറോപ്യന്‍ നിര്‍മാണ രീതികളോടുള്ള താല്പര്യം കാരണം ആണ് നാട്ടില്‍ തിരിച്ചെത്തിയ അദ്ദേഹം യൂറോപ്യന്‍ നിര്‍മാണ രീതിയും കേരളീയ വാസ്തു കലയും ചേര്‍ത്ത് വെച്ച് കോഴിക്കോട് ബാങ്ക് റോഡില്‍ അശോക ഹോസ്പിറ്റല്‍ ആന്‍ഡ് നഴ്‌സിംഗ് ഹോം എന്ന പേരില്‍ കെട്ടിടം പണിതത്. വാച്ചും ക്ലോക്കും അപൂര്‍വ വസ്തു ആയിരുന്ന ആ കാലത്ത് നഗരത്തെ സമയം അറിയിക്കാന്‍ വിയന്നയില്‍ നിന്നും ഒരു ക്ലോക്കും കൊണ്ടുവെച്ചു. പന്ത്രണ്ട് മണി ആകുമ്പോള്‍ 12 തവണ മുഴങ്ങുന്ന ഘടികാരം ആദ്യം കൗതുകം ആയിരുന്നു പിന്നീട് നഗരത്തിന്റെ ഭാഗമായി. അദ്ദേഹത്തിന്റെ താവഴിയിലെ നാലാം തലമുറക്കാരാണ് ഇപ്പോള്‍ ആശുപത്രിയുടെ നടത്തിപ്പുകാര്‍. ആശുപത്രി പൊളിച്ചു മാറ്റിയാലും ഇപ്പോഴത്തെ ഡയറക്ടര്‍ ഡോ അശ്വിന്‍ രാമകൃഷ്ണന്‍ നടത്തുന്ന ടിഎംഡി ട്രീറ്റ്‌മെന്റ് സെന്റര്‍ അതെ കോമ്പൗണ്ടിനുള്ളില്‍ തുടരുമെന്ന് ആശുപത്രി അധികൃതര്‍ പറഞ്ഞു.