
കൊയിലാണ്ടി-കാപ്പാട് തീരദേശറോഡിൽ മാടാക്കരയ്ക്ക് സമീപം ഒരു കൂറ്റൻ വഞ്ചിനിർമാണം പൂർത്തിയാവുകയാണ്. 70-പേർക്ക് ജോലിചെയ്യാവുന്ന കൂറ്റൻ ഫൈബർ വഞ്ചിക്ക് 90 അടി. നീളവും 19 അടി വീതിയുമാണ്. ഒരാഴ്ചയ്ക്കകം വഞ്ചി കടലിലിറങ്ങും. 13- വർഷത്തോളമായി ഫൈബർ വഞ്ചിനിർമാണം നടത്തുന്ന സ്ഥാപനത്തിൽ ആദ്യമായാണ് ഇത്രയും വലിയ വഞ്ചി നിർമിക്കുന്നത്.
പതിനെട്ട് പേരാണ് ഇവിടെ ജോലിചെയ്യുന്നത്. പുതിയാപ്പയിലെ സ്വകാര്യവ്യക്തിക്കുവേണ്ടിയാണ് മീൻപിടിത്തത്തിനുള്ള വഞ്ചി നിർമിക്കുന്നത്. ഇതേ വലുപ്പത്തിലുള്ള മറ്റൊരു വഞ്ചിയുടെ നിർമാണജോലിയും ആരംഭിച്ചിട്ടുണ്ട്. ഒപ്പം ചെറിയവഞ്ചികളുടെ നിർമാണവും നടക്കുന്നുണ്ട്. ഫൈബർവഞ്ചി നിർമാണത്തിന് മുക്കാൽ കോടിരൂപയോളം ചെലവുവരും. ഉരുളൻ മരമുപയോഗിച്ച് വഞ്ചി കടലിലിറക്കുന്നത് ഏറെ ശ്രമകരമായ ജോലിയാണെന്ന് നടത്തിപ്പുകാരൻ ഇരിട്ടി സ്വദേശി ഉണ്ണി പറഞ്ഞു. റോഡ് മുറിച്ചുകടത്തേണ്ടതിനാൽ രാത്രിയാണ് വഞ്ചി കടലിലിറക്കുക.