
യന്ത്രസംവിധാനങ്ങൾ ഉപയോഗിച്ച് നിയന്ത്രിക്കാവുന്ന ഇന്ത്യയിലെ ഏറ്റവും വലിയ രഥങ്ങളിൽ ഒന്നാണ് കുന്നത്ത് തൃക്കോവിൽ ക്ഷേത്രത്തിലേത്. ക്ഷേത്ര മഹോത്സവ നാളുകളിലെ എഴുന്നള്ളത്തുകളിൽ ആനകളോടുള്ള ക്രൂരതയും കണ്ട് മനം മടുത്തതോടെയാണ് ഭഗവാന്റെ തിടമ്പെഴുന്നള്ളിക്കുന്നതിന് ക്ഷേത്ര കമ്മിറ്റി മറ്റു വഴികൾ ആലോചിച്ചപ്പോഴാണ് രഥമെന്ന ആശയത്തിലെത്തുന്നത്. ദീപാലംകൃതമായ രഥത്തിന് ചുറ്റും, നൂറിൽപരം വിഗ്രഹ രൂപങ്ങൾ. 30 ടൺ ഭാരവും 11 മീറ്ററോളം ഉയരവുമുള്ള ഈ രഥത്തിലാണ് ദേവൻ പള്ളിവേട്ടയ്ക്ക് ഇറങ്ങുന്നത്.
ക്ഷേത്ര കമ്മിറ്റി എക്‌സിക്യുട്ടീവ് അംഗം കൈലാസൻ ഇടപ്പറ്റയുടെയും സഹോദരൻ ബിജു എടപ്പറ്റയുടെയും കരവിരുതിലും തച്ചുശാസ്ത്ര വൈദഗ്ധ്യത്തിലുമാണ് രഥമൊരുങ്ങിയത്. രഥമുള്ള ക്ഷേത്രമെന്ന ഖ്യാതി, കേരള തീർത്ഥാടന ഭൂപടത്തിൽ പ്രമുഖ ക്ഷേത്രങ്ങൾക്കൊപ്പം ഈ ക്ഷേത്രത്തെയും എത്തിച്ചു. രഥോത്സവം ക്ഷേത്രോത്സവത്തിന്റെ മുഖ്യ ആകർഷണമാണ്.
ചൊവ്വാഴ്ച വൈകീട്ട് ആറുമണിക്കാണ് ഈ വർഷത്തെ രഥോത്സവം. ക്ഷേത്ര സന്നിധിയിൽ ഭഗവാൻ രഥത്തിലേറും. മണാശ്ശേരിയിലേക്കും തിരിച്ച് ക്ഷേത്രത്തിലേക്കും ഭക്തർ വ്രതശുദ്ധിയോടെ രഥം വലിക്കും. രഥം വലിക്കാനെത്തുന്ന ഓരോ ഭക്തനും പാപമോചനം ലഭിക്കുന്നുവെന്നാണ് വിശ്വാസം.