
ജൂൺ ആദ്യവാരം സി എച്ച് മേൽപ്പാലത്തിന്റെ നവീകരണം വേഗത്തിലാക്കാൻ വേണ്ടി അടച്ചിടും. ജൂൺ അഞ്ചുമുതൽ 20 വരെ പാലം പൂർണമായി അടച്ചിടാനും ഗതാഗതം വഴിതിരിച്ചുവിടാനുമാണ് ആലോചന.
മൈക്രോ കോൺക്രീറ്റിങ് ഉൾപ്പെടെയുള്ള പ്രവൃത്തി വേഗത്തിലാക്കും. കൂടിയാലോചനകൾക്കുശേഷമാവും അടച്ചിടൽ തീയതി അന്തിമമായി തീരുമാനിക്കുക. 20 ദിവസത്തെ ഇടവേളയ്‌ക്കുശേഷം ഒരുമാസം വീണ്ടും അടച്ചിടും.
മന്ത്രി പി എ മുഹമ്മദ് റിയാസിന്റെ നിർദേശപ്രകാരം കലക്ടർ എ ഗീതയുടെ അധ്യക്ഷതയിൽ യോഗം ചേർന്നു. വെള്ളയിൽ പാലത്തിലൂടെ ഗതാഗതം തിരിച്ചുവിടുന്നതാണ് പ്രായോഗികമെന്ന് യോഗത്തിൽ അഭിപ്രായമുയർന്നു. ഇക്കാര്യവും കൂടിയാലോചനകളിലൂടെ തീരുമാനിക്കും. മറ്റ് റോഡുകളും പരിഗണനയിലുണ്ട്.
പാലത്തിനടിയിലെ കടമുറികൾ പൊളിച്ച് രണ്ടുദിവസത്തിനകം അവശിഷ്ടങ്ങൾ പൂർണമായും നീക്കാൻ യോഗം കരാറുകാരനോട് നിർദേശിച്ചു.
യോഗത്തിൽ പൊതുമരാമത്ത് സൂപ്രണ്ടിങ് എൻജിനിയർ ഇ കെ മിനി, എക്‌സിക്യൂട്ടീവ് എൻജിനിയർ ബി അജിത് കുമാർ, അസി. എക്‌സിക്യൂട്ടീവ് എൻജിനിയർ എൻ വി സിനി, അസിസ്‌റ്റന്റ് എൻജിനിയർ അമൽജിത്ത്, കോർപറേഷൻ സെക്രട്ടറി കെ യു ബിനി, ട്രാഫിക് ഉദ്യോഗസ്ഥർ, കരാറുകാരുടെ പ്രതിനിധികൾ തുടങ്ങിയവർ പങ്കെടുത്തു.
കടമുറികൾ പൊളിച്ചുനീക്കുന്നത് വൈകുന്നതിനാലാണ് പാലം പണി ഇഴയുന്നത്. തൊഴിലാളികൾ താമസിക്കുന്ന മുറി ഒഴിയാത്തതിനാലാണെന്ന് ഇതിനു കാരണമായി പറയപെടുന്നത്.