
ഈ വർഷത്തെ സ്കൂൾ കലാമേളക്ക് തുടക്കം. ജില്ലയിലെ സി.ബി.എസ്.ഇ സ്കൂൾ മാനേജ്മെന്റ് അസോസിയേഷനും മലബാർ സഹോദയ കോംപ്ലക്സും ചേർന്നാണ് കലാമേള സംഘടിപ്പിക്കുന്നത്. മൂന്നാം ഘട്ടം പെർഫോമിങ് ആർട്സ് മത്സരങ്ങൾ നവംബർ രണ്ടിന് പുതിയങ്ങാടി എടക്കാട് അൽ ഹറമൈൻ സ്കൂളിൽ നടക്കും.
സി.ബി.എസ്.ഇ മാനേജ്മെന്റ് അസോസിയേഷൻ വർക്കിങ് പ്രസിഡന്റ് സി.പി. കുഞ്ഞുമുഹമ്മദ് ചെയർമാനും മലബാർ സഹോദയ പ്രസിഡന്റ് മോനി യോഹന്നാൻ സഹ ചെയർമാനുമായ ഓർഗനൈസിങ് കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ നാലു ഘട്ടങ്ങളിലായാണ് ഈ വർഷത്തെ കലാമേള. സ്റ്റേജിതര പരിപാടികൾ കുറ്റിക്കാട്ടൂർ ബീലൈൻ പബ്ലിക് സ്കൂളിലും ഐ.ടി ഫെസ്റ്റ് താമരശ്ശേരി അൽഫോൻസ ഇംഗ്ലീഷ് മീഡിയം സ്കൂളിലും ഇതിനകം പൂർത്തിയായി.
നാലാംഘട്ട സ്റ്റേജ് മത്സരങ്ങൾക്ക് നവംബർ നാല്, അഞ്ച് തീയതികളിൽ കുന്ദമംഗലം ചെത്തുകടവ് കെ.പി. ചോയി മെമ്മോറിയൽ ശ്രീനാരായണ വിദ്യാലയത്തിലാണ്. അഡ്വ. പി.ടി.എ. റഹീം എം.എൽ.എ ഉദ്ഘാടനം ചെയ്യും. സമാപന സമ്മേളനം പി.വി. ചന്ദ്രൻ ഉദ്ഘാടനം ചെയ്യും.
ആദ്യഘട്ട മത്സരങ്ങൾ അവസാനിച്ചപ്പോൾ സി.എം.ഐ ദേവഗിരി (138 പോയന്റ്), സിൽവർ ഹിൽസ് പബ്ലിക് സ്കൂൾ (115), ഭാരതീയ വിദ്യാഭവൻസ് പെരുന്തുരുത്തി (109) എന്നിവരാണ് മുന്നിൽ. ഒന്നു മുതൽ 12 വരെ ക്ലാസുകളിൽ 59 സ്കൂളുകളിലെ 3500ലധികം കുട്ടികൾ അഞ്ചു വിഭാഗങ്ങളിൽ 98 മത്സര ഇനങ്ങളിൽ മാറ്റുരക്കും.
ജേതാക്കൾ മൂവാറ്റുപുഴ വാഴക്കുളം സി.എം.ഐ കാർമൽ പബ്ലിക് സ്കൂളിൽ നടക്കുന്ന സംസ്ഥാന കലോത്സവത്തിൽ പങ്കെടുക്കാൻ അർഹത തേടും. മലബാർ സഹോദയ മുഖ്യ രക്ഷാധികാരി കെ.പി. ഷക്കീല, പ്രസിഡന്റ് മോനി യോഹന്നാൻ ട്രഷറർ ടി.എം. സഫിയ, വൈസ് പ്രസിഡന്റ് പി.സി. അബ്ദുറഹ്മാൻ എന്നിവർ വാർത്തസമ്മേളനത്തിൽ പങ്കെടുത്തു.