
61ാമത് സംസ്ഥാന സ്കൂൾ കലോത്സവത്തിൽ പുതുചരിത്രമെഴുതി അധ്യാപികമാർ. കലോത്സവത്തിന്‍റെ നാലാംദിനത്തിൽ വേദി മുഴുവൻ നിയന്ത്രിച്ചത് അധ്യാപികമാരാണ്. സ്റ്റേജ് മാനേജ്മെന്‍റ്, ആങ്കറിങ് ഉൾപ്പെടെ ഓരോ വേദികളിലും അധ്യാപികമാർ നിറഞ്ഞ് നിന്ന ദിവസമായിരുന്നു ഇന്നലെ. 24 വേദികളിലായാണ് കലാ മത്സരങ്ങൾ അരങ്ങേറിയത്. എട്ട് മുതൽ പത്ത് പേർ വീതമുളള സംഘങ്ങളാണ് വേദികളുടെ മുഴുവൻ സംഘാടനവും നിർവഹിച്ചത്.
190-ന് മുകളിൽ അധ്യാപികമാരാണ് കർമ്മ നിരതരായി രംഗത്തെത്തിയത്. 24 അധ്യാപികമാരാണ് സംഘത്തെ നയിച്ചത്. കേരള സാരിയിലാണ് ഇവർ എത്തിയത്. രാവിലെ ഒമ്പത് മണി മുതലാണ് മത്സരങ്ങൾ വേദികളിൽ നടക്കുന്നതെങ്കിലും രാവിലെ 7.30 നു തന്നെ അധ്യാപികമാർ വേദിയിൽ എത്തിയിരുന്നു. ചരിത്രത്തിൽ പുതു ഏടുകൾ എഴുതി ചേർക്കുന്നവർക്ക് പൂർണ്ണ പിന്തുണയേകി പ്രവർത്തനങ്ങളെ കുറിച്ചുള്ള നിർദേശങ്ങൾ നൽകി പൊതു വിദ്യാഭ്യാസ ഡയറക്ടർ കെ. ജീവൻ ബാബുവും പ്രോഗ്രാം കമ്മിറ്റിയുമുണ്ടായിരുന്നു.
രണ്ട് വർഷത്തെ ഇടവേളയ്ക്ക് ശേഷം നടക്കുന്ന കലോത്സവത്തിൽ പുതുമ കൊണ്ടുവരിക എന്ന ആശയത്തിന്‍റെ ഭാഗമായാണ് വേദികളുടെ മുഴുവൻ നിയന്ത്രണവും അധ്യാപികമാർക്ക് നൽകിയതെന്ന് സംഘാടകർ പറഞ്ഞു. പ്രധാന വേദിയായ അതിരാണിപ്പാടത്ത് രണ്ട് ഷിഫ്റ്റുകളിലും അധ്യാപികമാർക്കായിരുന്നു പൂർണ്ണ ചുമതല. ആർക്കും പരാതികൾക്കിട നൽകാതെയായിരുന്നു അധ്യാപികമാരുടെ പ്രവർത്തനം.