ബേപ്പൂരിന്റെ ചരിത്രവും വർത്തമാനത്തിന്റെയും അറിവുകൾ ശേഖരിച്ചുകൊണ്ടുള്ള വിദ്യാർഥികളുടെ ഹെറിറ്റേജ് ട്രെയ്ൽ
21 Dec 2023
News
ബേപ്പൂർ വാട്ടർ ഫെസ്റ്റിന്റെ പ്രചാരണാർഥമായി ബേപ്പൂരിന്റെ ചരിത്രവും വർത്തമാനവും അടയാളപ്പെടുത്തി വിദ്യാർഥികളുടെ ഹെറിറ്റേജ് ട്രെയ്ൽ. പുഴയും കരയും താണ്ടി, കഥകൾ കേട്ടും പറഞ്ഞുമുള്ള പൈതൃക യാത്രയിൽ സ്റ്റോറി ടെല്ലർ രജീഷ് രാഘവൻ വിദ്യാർത്ഥികളുമായി ബേപ്പൂരിനെ കുറിച്ചുള്ള അറിവുകൾ പ്രധാനം ചെയ്യുന്നു. തീരപ്രദേശമെന്ന അർഥം വരുന്ന ഇംഗ്ലിഷ് വാക്കായ ‘ബേ പോർട്ട്’ പറഞ്ഞു ലോപിച്ചാണു ബേപ്പൂർ എന്ന പേര് ലഭിച്ചത്.
ഫാറൂഖ് കോളജ് ടൂറിസം ക്ലബ്ബിലെ 25 വിദ്യാർഥികളാണ് നാടിനെ കുറിച്ച് പുത്തൻ അറിവുകൾ കണ്ടും കേട്ടും അറിഞ്ഞത്. ചാലിയം തീരത്ത് നിന്നാരംഭിച്ച വ്യത്യസ്തമായ അനുഭവങ്ങളുമായുള്ള ഈ യാത്ര ബ്ലോക്ക് പഞ്ചായത് പ്രസിഡന്റ് ടി.കെ.ശൈലജയാണ് ഫ്ലാഗ്ഓഫ് ചെയ്തത്.
ബേപ്പൂർ ഉരു നിർമാണ കേന്ദ്രം, കോമൺവെൽത്ത് ഓട് കമ്പനി, സമീപത്തെ ജർമൻ ബംഗ്ലാവ്, വൈക്കം മുഹമ്മദ് ബഷീറിന്റെ വൈലാലിൽ വീട് എന്നിവിടങ്ങൾ സന്ദർശിച്ച പൈതൃക യാത്ര ഗോതീശ്വരം ബീച്ചിൽ സമാപിച്ചു. ബേപ്പൂരിന്റെ ടൂറിസം സാധ്യതകളെ സംബന്ധിച്ചുള്ള പ്രോജക്ട് കോളജ് ടൂറിസം ക്ലബ്ബിന്റെ നേതൃത്വത്തിൽ പിന്നീട് സമർപ്പിക്കും.
കൗൺസിലർ കൊല്ലരത്ത് സുരേശൻ, ഫാറൂഖ് കോളജ് ടൂറിസം ക്ലബ് കോഓർഡിനേറ്റർ എം.സുമൈഷ്, ബീച്ച് മാനേജർ ടി.നിഖിൽ എന്നിവർ പങ്കെടുത്തു.