
6.7 കോടി രൂപ ചെലവിൽ അത്യാധുനിക രീതിയിൽ വെസ്റ്റ് മാമ്പറ്റ മിനി സ്റ്റേഡിയത്തിന്റെ നവീകരണം ആരംഭിക്കുന്നു. മലയോര മേഖലയിലെ നൂറുകണക്കിന് കായിക പ്രതിഭകളുടെ സ്വപ്നപദ്ധതിയുടെ പ്രവൃത്തി അടുത്ത ആഴ്ച ആരംഭിക്കും. ഇതു സംബന്ധിച്ച് ഉൗരാളുങ്കൽ ലേബർ കോൺട്രാക്ട് സൊസൈറ്റിയുമായി സർക്കാർ കരാർ ഒപ്പുവെച്ചതായി ലിന്റോ ജോസഫ് എം.എൽ.എ. അറിയിച്ചു.
2021 ഫെബ്രുവരിയിൽ, അന്നത്തെ കായിക മന്ത്രി ഇ.പി. ജയരാജൻ സ്റ്റേഡിയത്തിന്റെ നിർമാണപ്രവൃത്തി ഉദ്ഘാടനം ചെയ്തിരുന്നു. എന്നാൽ, സാങ്കേതിക തടസ്സങ്ങളെത്തുടർന്ന് പ്രവൃത്തി ആരംഭിക്കുന്നത് നീളുകയായിരുന്നു. മറ്റു നിർമാണ ഏജൻസികൾ രേഖപ്പെടുത്തിയതിനെക്കാൾ ഉയർന്ന നിരക്കാണ് ഉൗരാളുങ്കൽ ടെൻഡറിൽ രേഖപ്പെടുത്തിയിരുന്നത് അംഗീകൃത സൊസൈറ്റി എന്ന നിലയിൽ ഉൗരാളുങ്കലിന് ടെൻഡർ നൽകാനായിരുന്നു സർക്കാർ തീരുമാനം. അന്തിമ തീരുമാനത്തിനായി ടെൻഡർ അസപ്റ്റൻസ് കമ്മിറ്റിയെ ചുമതലപ്പെടുത്തുകയുംചെയ്തു.
എന്നാൽ, യോഗം ചേരുന്നത് വൈകിയതോടെ തീരുമാനമുണ്ടായില്ല. ഇതിനിടയിൽ നിയമസഭാ തിരഞ്ഞെടുപ്പുകൂടി എത്തിയതോടെ തുടർനടപടികൾ നിലച്ചു. രണ്ടാം പിണറായി സർക്കാർ അധികാരകാരത്തിലെത്തിയശേഷം പ്രവൃത്തി റീ ടെൻഡർ ചെയ്തു. നാല് ഏജൻസികൾ പങ്കെടുത്ത ടെൻഡറിൽ ഉൗരാളുങ്കൽ ലേബർ സൊസൈറ്റിക്ക് തന്നെയാണ് നിർമാണച്ചുമതല ലഭിച്ചത്. ഓരോ പഞ്ചായത്തിലും കളി സ്ഥലം എന്ന ലക്ഷ്യത്തോടെ സംസ്ഥാനസർക്കാർ നടപ്പാക്കിയ പദ്ധതിയുടെ ഭാഗമായാണ് സ്റ്റേഡിയം നിർമിക്കുന്നത്.