
ജില്ലയിലെ 1300ൽപരം വിദ്യാലയം അണിനിരക്കുന്ന ‘സ്‌റ്റെയിപ് – ദേശാഭിമാനി അക്ഷരമുറ്റം ടാലന്റ് ഫെസ്റ്റ് –-22’ ഇന്ന്. എൽപി, യുപി, ഹൈസ്‌കൂൾ വിഭാഗം സ്‌കൂൾതല മത്സരം തിങ്കൾ പകൽ രണ്ടിന് നടക്കും. ഹയർ സെക്കൻഡറി വിഭാഗം മത്സരം ചൊവ്വ പകൽ രണ്ടിനാണ്. ജില്ലാതല ഉദ്‌ഘാടനം തിങ്കൾ പകൽ ഒന്നിന് മെഡിക്കൽ കോളേജ് ക്യാമ്പസ് ഹയർ സെക്കൻഡറിയിൽ മേയർ ബീന ഫിലിപ്പ് നിർവഹിക്കും. ഓൺലൈനായി രജിസ്‌റ്റർ ചെയ്‌ത വിദ്യാലയങ്ങളാണ് മത്സരത്തിൽ പങ്കെടുക്കുക. ദേശാഭിമാനി ദിനപത്രവും അക്ഷരമുറ്റം പതിപ്പും അടിസ്ഥാനമാക്കിയാവും ക്വിസ് മത്സരം.
ഹൈസ്‌കൂൾ, ഹയർ സെക്കൻഡറി വിഭാഗങ്ങളിൽ ഇത്തവണ കവിതാരചന, കഥാരചന മത്സരങ്ങളുമുണ്ടാവും. വിദ്യാലയ മേലധികാരിയുടെ സാക്ഷ്യപത്രം സഹിതം രചനകൾ നവംബർ പതിനഞ്ചിനകം സമർപ്പിക്കണം. വിദ്യാലയങ്ങൾക്കും കുട്ടികൾക്കും എൻട്രികൾ അയക്കാം.