
ദേശീയ നിലവാരത്തിലുള്ള ഫുട്‌ബോൾ സ്‌റ്റേഡിയം, മൾട്ടിപർപ്പസ് ഗ്രൗണ്ട്, സ്‌പോർട്‌സ് പവലിയൻ, ജിംനേഷ്യം...വിദ്യാർഥികളുടെ മാത്രമല്ല പൊതുജനങ്ങളുടെയും കായിക സ്വപ്‌നങ്ങൾക്ക് ചിറകു നൽകുന്ന സ്‌പോർട്‌സ് കോംപ്ലക്‌സാണ് ഗവ. ആർട്‌സ് ആൻഡ് സയൻസ് കോളേജിൽ യാഥാർഥ്യമാകുന്നത്. പുതിയ ബജറ്റിൽ 20 കോടി രൂപയാണ് നിർദിഷ്ട സ്‌പോർട്‌സ് കോംപ്ലക്‌സിനായി വകയിരുത്തിയത്. കോളേജ് കെട്ടിടത്തിൽ നിന്ന് 100 മീറ്റർ അകലെയായി എട്ട് ഏക്കർ സ്ഥലത്താണ് എല്ലാ ആധുനിക സൗകര്യങ്ങളുമൊരുക്കുക.
രഞ്ജി ട്രോഫി, സന്തോഷ് ട്രോഫി എന്നിവയും അന്തർ സംസ്ഥാന കായികോത്സവങ്ങളും നടത്താൻ സ്‌പോർട്‌സ് കോംപ്ലക്‌സിൽ സൗകര്യമുണ്ടാകും. യോഗ സെന്റർ, സെമിനാർ ഹാൾ എന്നിവയും ഇതിലുൾപ്പെടുത്തും. പുറത്തുള്ളവരുടെയും പങ്കാളിത്തം ഉറപ്പാക്കുമെന്ന് പ്രിൻസിപ്പൽ ഇൻ ചാർജ് ഡോ. മോൻസി മാത്യു പറഞ്ഞു.
Source: Deshabhimani