
ഇനി കേരളത്തിലെ പാലങ്ങളെല്ലാം ഒരേ നിറത്തിലും അലങ്കാരവിളക്കുകളുടെ വെളിച്ചത്തിലും തിളങ്ങും. കോഴിക്കോട് ജില്ലയിലെ പഴയ ഫറോക്ക് പാലം നവീകരിച്ച് സൗന്ദര്യവൽക്കരിച്ചിരുന്നു. ഇതുപോലെ പ്രധാന പാലങ്ങൾ അറ്റുകുറ്റപ്പണി നടത്തി സൗന്ദര്യവൽക്കരിക്കുകയും സംരക്ഷിക്കുകയുംചെയ്യും.
2023ൽ തുടങ്ങുന്ന പദ്ധതിയുടെ, ആദ്യഘട്ടമായി സംസ്ഥാനത്ത് 50 പാലങ്ങളാണ് സൗന്ദര്യവൽക്കരിക്കുന്നത്. കേരളത്തിലെ പാലങ്ങൾ സൗന്ദര്യവൽക്കരിക്കാനും സംരക്ഷിക്കാനുമാണ് പ്രത്യേക പദ്ധതി ആവിഷ്‌ക്കരിക്കുന്നതെന്ന് മന്ത്രി പി എ മുഹമ്മദ് റിയാസ് പറഞ്ഞു. ആദ്യഘട്ടത്തിൽ ദേശീയ, സംസ്ഥാനപാതകളിലെയും സുപ്രധാന ജില്ലാ റോഡുകളിലെയും പ്രധാന പാലങ്ങളാണ് സൗന്ദര്യവൽക്കരിക്കുക. വിദേശരാജ്യങ്ങളിലേതിന് സമാനമായി കേരളത്തിലെ പാലങ്ങൾ യാത്രക്കാർക്കും സന്ദർശകർക്കും വേറിട്ട അനുഭവമാവും.
പ്രകൃതിരമണീയമായ ഇടങ്ങളിലെ പാലങ്ങൾ ഒരേ രൂപഭാവങ്ങളോടെ ഒരുക്കാനും സംരക്ഷിക്കാനുമായി പൊതുമേഖലാ സ്ഥാപനങ്ങൾ, സഹകരണ സ്ഥാപനങ്ങൾ, സ്വകാര്യ സ്ഥാപനങ്ങൾ, തദ്ദേശ സ്ഥാപനങ്ങൾ, വ്യക്തികൾ എന്നിവരുമായി ചേർന്നാണ് പദ്ധതി.
വിദേശരാജ്യങ്ങളിൽ പാലങ്ങളിൽ പലതും വിനോദസഞ്ചാര കേന്ദ്രങ്ങളാണ്. ഇതുപോലെയുള്ള മാറ്റമാണ് ഉദ്ദേശിക്കുന്നത്. ചരിത്രപ്രാധാന്യമുള്ള ഇടങ്ങളിലെ പാലങ്ങളും ആദ്യ അമ്പതിൽ ഉൾപ്പെടുമെന്നും മന്ത്രി പറഞ്ഞു.