
ശാരീരിക അവശതമൂലം വീടുകളിൽ ഒതുങ്ങുന്ന കുട്ടികളെ സ്കൂളിലെത്തിക്കുന്ന സ്‌പേസ് പദ്ധതിക്ക് ജില്ലയിൽ തുടക്കമായി. വിദ്യാലയങ്ങളിൽ ഐസിയു ബെഡ് ഉൾപ്പെടെയുള്ള സംവിധാനമാണ് സ്‌പേസിലൂടെ ഒരുക്കുക. ഇരുന്നും കിടന്നും ക്ലാസുകൾ കാണാനും കേൾക്കാനുമുള്ള സൗകര്യം ഒരുക്കും. പരിചരിക്കാൻ ആയയും അധ്യാപികയുമുണ്ട്.
സഹപാഠികൾക്കൊപ്പം ചേരാനും ആശയവിനിമയത്തിനുമുള്ള സന്നാഹങ്ങളോടെയാണ് ക്ലാസ്‌മുറികൾ. സമഗ്രശിക്ഷാകേരളമാണ് പദ്ധതി നടപ്പാക്കുന്നത്. ജില്ലയിൽ രണ്ട് വിദ്യാലയങ്ങൾ വീതം സംസ്ഥാനത്ത് 28 കേന്ദ്രങ്ങളാണ് സജ്ജമാക്കുക. ജില്ലയിൽ പന്നൂരിലും കാരപ്പറമ്പ് ഗവ. ഹയർ സെക്കൻഡറിയിലുമാണ് പദ്ധതി. മന്ത്രി പി എ മുഹമ്മദ് റിയാസ് ഉദ്ഘാടനം ചെയ്‌തു.