
ജില്ലാ പഞ്ചായത്തിന് കീഴിലെ നൈപുണി പരിശീലന കേന്ദ്രം പുതിയറ സ്‌പെഷ്യൽ ജയിൽ തടവുകാർക്ക് തൊഴിൽ പരിശീലനം ഏർപ്പെടുത്തുന്നു..തടവുജീവിതം മാനസാന്തരപ്പെടുത്തുകയും ഒപ്പം അഭിമാനത്തോടെ ജോലി ചെയ്‌ത് ജീവിക്കാനുള്ള വഴികാട്ടുകയുമാണ് ഈ പരിശീലനത്തിന്റെ ലക്‌ഷ്യം. ആദ്യഘട്ടത്തിൽ ഇരുപത് പേർക്ക് ഇലക്‌ട്രിക് വയറിങ്ങിലാണ് പരിശീലനം. ഇലക്‌ട്രിക് ഉപകരണങ്ങളായ ഫാൻ, മിക്‌സി, ഇലക്‌ട്രിക് അയേൺ എന്നിവയുടെ റിപ്പയറിങ്ങും പഠിപ്പിക്കും. മൂന്നാഴ്‌ചത്തെ പരിശീലനം പൂർത്തിയായാൽ ജില്ലാ പഞ്ചായത്ത് സർട്ടിഫിക്കറ്റ് നൽകും. മുമ്പ് സെൻട്രൽ ജയിലിലും ജില്ലാ ജയിലിലും നൽകിയ പരിശീലനമാണ് സ്‌പെഷ്യൽ ജയിലിലേക്ക് കൂടി വ്യാപിപ്പിക്കുന്നത്. അടുത്ത ഘട്ടത്തിൽ പ്ലംബിങ്, കംപ്യൂട്ടർ എന്നിവയിൽ പരിശീലനം നൽകുമെന്ന് നൈപുണി പരിശീലന കേന്ദ്രം ഡയറക്ടർ ഡോ. ഡി കെ ബാബു പറഞ്ഞു.
സബ് ജയിലിൽ നടന്ന പരിപാടി ജയിൽ സൂപ്രണ്ട് എം ബി യൂനസ് ഉദ്‌ഘാടനം ചെയ്‌തു. അസി. സൂപ്രണ്ടുമാരായ വി പി രാമകൃഷ്‌ണൻ, കെ കെ പ്രഭാകരൻ, ഷൺമുഖൻ, പരിശീലകൻ രാജേന്ദ്രൻ, വി ബിന്ദു എന്നിവർ സംസാരിച്ചു. ജയിൽ വെൽഫെയർ ഓഫീസർ കെ കെ സുരേഷ് ബാബു സ്വാഗതവും അസി. സൂപ്രണ്ട് പി എസ് ശിവരാമൻ നന്ദിയും പറഞ്ഞു.