
കേരള ലിറ്ററേച്ചർ ഫെസ്‌റ്റിവൽ ആറാം പതിപ്പ് കോഴിക്കോട്ട് സമാപിച്ചു. സമാപനസമ്മേളനം മന്ത്രി പി എ മുഹമ്മദ് റിയാസ് ഉദ്‌ഘാടനംചെയ്‌തു. തോട്ടത്തിൽ രവീന്ദ്രൻ എംഎൽഎ അധ്യക്ഷനായി. ഗസാല വഹാബ്, ശോഭാ ഡേ, പ്രകാശ്‌രാജ് എന്നിവർ മുഖ്യാതിഥികളായി. ഫെസ്‌റ്റിവൽ ഡയറക്ടർ കെ സച്ചിദാനന്ദൻ, മേയർ ബീന ഫിലിപ്പ്, ഡെപ്യൂട്ടി മേയർ സി പി മുസാഫർ അഹമ്മദ്, രവി ഡീസി തുടങ്ങിയവർ സംസാരിച്ചു. കെഎൽഎഫ് ചെയർമാൻ എ പ്രദീപ് കുമാർ സ്വാഗതവും കെ വി ശശി നന്ദിയും പറഞ്ഞു.
വൈകിട്ട് നടന്ന സെഷനിൽ ‘ഖബർ, ഘാതകൻ: രാഷ്‌ട്രീയ നോവലുകളുടെ വർത്തമാനം’ വിഷയത്തിൽ മന്ത്രി പി രാജീവ് എഴുത്തുകാരി കെ ആർ മീരയുമായി സംവദിച്ചു. ഒരു നുണയെ പൊളിച്ചുതുടങ്ങുമ്പോഴേക്കും അടുത്ത സത്യാനന്തര നരേറ്റീവ് വരുന്ന കാലമാണിതെന്ന് മന്ത്രി പി രാജീവ് പറഞ്ഞു.
ജീവിക്കുന്ന കാലത്തെ രാഷ്‌ട്രീയം തിരിച്ചറിയലാണ് മനുഷ്യനായി തുടരുന്നതിന്റെ ആധാരം. ഇന്നത്തെ എല്ലാ രാഷ്‌ട്രീയ പ്രശ്‌നങ്ങളെയും ‘ഘാതകൻ’ കൈകാര്യം ചെയ്യുന്നുവെന്നും അദ്ദേഹം പറഞ്ഞു.
വസ്‌തുതയല്ല വൈകാരികതയും വിശ്വാസങ്ങളുമാണ് സത്യാനന്തര കാലത്ത് ‘സത്യ’മാകുന്നതെന്ന് കെ ആർ മീര പറഞ്ഞു. സ്ത്രീയേയും സ്‌ത്രീ സ്വാതന്ത്ര്യത്തേയും അംഗീകരിക്കാത്ത ഒരു സമൂഹത്തിനും ജനാധിപത്യത്തെ കുറിച്ച് സംസാരിക്കാൻ അവകാശമില്ലെന്നും അവർ പറഞ്ഞു.
ഞായറാഴ്‌ച വിവിധ സെഷനുകളിൽ കെ സച്ചിദാനന്ദൻ, ടി പത്മനാഭൻ, ബി രാജീവൻ, പ്രഭാവർമ, ജെ ദേവിക, ആർ രാജശ്രീ, ശശികുമാർ തുടങ്ങിയവർ സംസാരിച്ചു.