
സോളർ മറൈൻ ബോയകൾ അറ്റകുറ്റപ്പണികൾ നടത്തി തുറമുഖത്ത് കപ്പൽ ചാനൽ മാർക്കിങ് സുരക്ഷിതമാക്കി. കേടുവന്ന സോളർ ലൈറ്റുകൾ മാറ്റി സ്ഥാപിച്ചാണ് തുറമുഖത്തേക്കു വരുന്ന കപ്പൽ, ഉരു, മത്സ്യബന്ധന യാനങ്ങൾ എന്നിവയുടെ സുരക്ഷിതത്വം ഉറപ്പാക്കിയത്.തുറമുഖത്ത് എത്തുന്ന ജല യാനങ്ങൾക്ക് വഴികാട്ടിയായി അഴിമുഖം മുതൽ പഴയ വാർഫ് വരെ 9 ബോയകൾ സ്ഥാപിച്ചിരുന്നു. ഇവയിൽ പലതും സ്ഥാനം തെറ്റിയും ലൈറ്റുകൾ കേടായും ഉപയോഗരഹിതമായിരുന്നു. തുടർന്നാണ് തുറമുഖ അധികൃതർ അറ്റകുറ്റപ്പണി നടത്തിയത്. ഇതോടെ തുറമുഖത്തേക്കുള്ള രാത്രി യാത്ര സുരക്ഷിതമായി. ഒരു കിലോമീറ്ററിൽ ഏറെ നീളത്തിൽ കടലിലേക്ക് കല്ലിട്ടു നിർമിച്ചതാണ് ചാലിയം, ബേപ്പൂർ പുലിമുട്ടുകൾ. കടലിൽ നിന്ന് അഴിമുഖത്തേക്കു പ്രവേശിക്കുന്ന ഭാഗത്ത് ഇരുട്ടായതിനാൽ രാത്രി എത്തുന്ന യാനങ്ങൾക്ക് ദിശ കൃത്യമായി മനസ്സിലായിരുന്നില്ല.
ബോയകളിൽ വെളിച്ചമില്ലാത്തതിനാൽ അഴിമുഖം കടന്നു വരുന്ന ബോട്ടുകൾ ഇതിലിടിച്ചു അപകടം ഉണ്ടാകുമെന്ന ആശങ്ക ഉയർന്നതോടെയാണ് ലൈറ്റുകൾ പ്രകാശിപ്പിക്കാൻ തുറമുഖ വകുപ്പ് നടപടിയെടുത്തത്. ബോയകൾ സുരക്ഷിതമാക്കിയതു മത്സ്യബന്ധന ബോട്ടുകാർക്കാണ് ഏറ്റവും പ്രയോജനമാകുക. പോർട്ട് അസിസ്റ്റന്റ് എക്സിക്യൂട്ടീവ് എൻജിനീയർ എം.ജീവാനന്ദ്, അസിസ്റ്റന്റ് എൻജിനീയർ കെ.അധീഷ്, ഡ്രാഫ്റ്റ്മാൻ പി.മെഹബൂബ്, ഡ്രൈവർ വി.ബഷീർ എന്നിവരുടെ നേതൃത്വത്തിൽ തുറമുഖത്തെ എംടി മിത്ര ടഗ് ഉപയോഗിച്ചാണു കപ്പൽച്ചാലിലും തീരക്കടലിലും സ്ഥാപിച്ച ബോയകൾ സുരക്ഷിതമാക്കിയത്.