
ദേശീയ ശാസ്ത്രദിനാഘോഷത്തിന്റെ ഭാഗമായി പൊതുവിദ്യാഭ്യാസ വകുപ്പിന്റെയും അഗസ്ത്യ ഇന്റർനാഷണൽ ഫൗണ്ടേഷന്റെയും സഹകരണത്തോടെ കേരള ശാസ്ത്ര സാങ്കേതിക പരിസ്ഥിതി കൗൺസിൽ പൂനൂർ ഗവ. ഹയർ സെക്കൻഡറി സ്കൂളിൽ സംഘടിപ്പിച്ച ‘സയൻസ് ഓൺ വീൽസ്’ പര്യടനം ശ്രദ്ധേയമായി. ഐസക് ന്യൂട്ടന്റെ ചലനനിയമം, ചന്ദ്രന്റെ വൃദ്ധിക്ഷയം, സൂര്യ-ചന്ദ്രഗ്രഹണം, ഋതുപരിണാമം, മനുഷ്യഹൃദയത്തിന്റെ പ്രവർത്തനം എന്നിങ്ങനെ ഒട്ടേറെ ശാസ്ത്രസമസ്യകൾക്ക് ഉപകരണങ്ങളുടെ സഹായത്തോടെ നൽകിയ വിശദീകരണം വിദ്യാർഥികളിൽ കൗതുകമുണർത്തി.
സ്കൂളിലെ നൂറുവിദ്യാർഥികൾക്കാണ് ശാസ്ത്രവണ്ടിയിൽ പരിശീലനം നൽകിയത്. ഇവരാണ് വ്യാഴാഴ്ച ശാസ്ത്രപ്രദർശനം കാണാൻ ജില്ലയുടെ വിവിധഭാഗങ്ങളിൽ നിന്നെത്തുന്ന വിദ്യാർഥികൾക്ക് ശാസ്ത്രമാതൃകകൾ സംബന്ധിച്ച വിശദീകരണം നൽകുക.
അഗസ്ത്യ ഭാരവാഹികളായ വിദ്യാധരൻ, ഹൊയ്‌സാല, രാജേഷ് എന്നിവരായിരുന്നു പരിശീലകർ. രാവിലെ ഒമ്പതരയ്ക്ക് തുടങ്ങുന്ന ശാസ്ത്രപ്രദർശനം ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ഷീജാ ശശിയും ശാസ്ത്രപ്രഭാഷണവേദി കോഴിക്കോട് വിദ്യാഭ്യാസ ഉപഡയറക്ടർ സി. മനോജ് കുമാറും ഉദ്ഘാടനം ചെയ്യും. ‘സയൻസ് ഓൺ വീൽസ്’ പ്രദർശനത്തിനൊപ്പം സ്കൂളിലെ സയൻസ് ലാബ്, ഇന്നൊവേഷൻ ലാബ് തുടങ്ങിയവയുടെ നേതൃത്വത്തിലും പ്രദർശനമൊരുക്കും.......