
സംസ്ഥാനത്തെ സ്കൂളുകൾ വ്യാഴാഴ്ച തുറന്നു. ജില്ലാ പ്രവേശനോത്സവം രാവിലെ 9.30ന് മെഡിക്കൽ കോളേജ് ക്യാമ്പസ് ഗവ. ഹയര്‍ സെക്കന്‍ഡറി സ്കൂളില്‍ മന്ത്രി പി എ മുഹമ്മദ് റിയാസ് ഉദ്ഘടനം ചെയ്തിരുന്നു . കവയിത്രി ആഗ്ന യാമി വിശിഷ്ടാതിഥിയായി.
ഒന്നുമുതൽ 10 വരെയുള്ള ക്ലാസുകളിലെ കുട്ടികൾക്ക് പാഠപുസ്തകങ്ങളും യൂണിഫോമും അവധിക്കാലത്ത് തന്നെ വിതരണംചെയ്തിരുന്നു. 29 ലക്ഷം പാഠപുസ്തകങ്ങളും യൂണിഫോമിനുള്ള കൈത്തറി തുണിയും തയ്യല്‍കൂലിയുമാണ് നല്‍കിയത്.
ഒന്നുമുതല്‍ പത്തുവരെ ക്ലാസുകളിലെ 15,000 അധ്യാപകര്‍ക്കായുള്ള നാലുദിവസം നീളുന്ന പരിശീലനം പൂര്‍ത്തിയായി. 5 മുതല്‍ 10 വരെയുള്ള ക്ലാസുകളിലെ അധ്യാപകര്‍ക്ക് കുട്ടികൾക്ക് ശാരീരികവും വൈകാരികവുമായ പിന്തുണ നല്‍കുന്നതിനുള്ള പരിശീലനമാണ് നല്‍കിയത്. ഇതോടൊപ്പം അധുനിക നൂതന സാങ്കേതികവിദ്യ ഉപയോഗിക്കുന്നതിനുള്ള പരിശീലനവും നല്‍കി.
വിവിധ വകുപ്പുകളുമായി സഹകരിച്ച് സ്കൂളുകളില്‍ ഗതാഗത സൗകര്യങ്ങൾ, ശുചീകരണം, കുടിവെള്ളം ഉറപ്പാക്കൽ, സ്‌കൂൾ വാഹനങ്ങളുടെ ഫിറ്റ്‌നസ്, മാലിന്യനിർമാർജനം, ദുരന്തനിവാരണ ബോധവൽക്കരണം, കൗൺസലിങ് തുടങ്ങിയവയും പൂർത്തിയാക്കി. ക്ലാസുകൾ ആരംഭിക്കുന്നതോടെ ലഹരിവിരുദ്ധ ജനജാഗ്രതാ സമിതികളും രൂപീകരിക്കും.
ബ്ലോക്കുതല പ്രവേശനോത്സവങ്ങള്‍ ജില്ലയിലെ 15 ബ്ലോക്കുതല റിസോഴ്സ് സെന്ററുകള്‍ കേന്ദ്രീകരിച്ച് നടക്കും.