ഇൻസ്പയർ- മനാക് പദ്ധതിയുടെ പുരസ്കാരത്തിന് സനത് സൂര്യ പരിഗണിക്കപെട്ടു
03 Feb 2023
News
കേന്ദ്ര സാങ്കേതിക വകുപ്പ് നടപ്പാക്കുന്ന ഇൻസ്പയർ- മനാക് പദ്ധതിയുടെ പുരസ്കാരത്തിന് കേരളത്തിൽനിന്ന് സനത് സൂര്യ പരിഗണിക്കപെട്ടു. ഗവ. ഹയർ സെക്കൻഡറി സ്കൂൾ പത്താംതരം വിദ്യാർഥിയാണ് സനത് സൂര്യക്ക്. സർഗാത്മകവും ജനോപകാരപ്രദവുമായ നൂതനാശയങ്ങൾ സമർപ്പിക്കുന്ന 15 വയസ്സുവരെയുള്ള വിദ്യാർഥികൾക്കാണ് ഇൻസ്പയർ അവാർഡ് നൽകി വരുന്നത്. ശയ്യാവലംബികളായി ദുരിതപൂർണമായ ജീവിതം നയിക്കുന്ന രോഗികൾക്ക് പരസഹായമില്ലാതെ ദൈനംദിന കാര്യങ്ങൾ ചെയ്യാനും ചലിക്കാനും സഹായിക്കുന്ന ഉപകരണമെന്ന ആശയമാണ് സനത് സൂര്യ യാഥാർഥ്യമാക്കിയത്.
ഒരേസമയം, ബെഡ്ഡും വീൽചെയറുമായി ഉപയോഗിക്കാവുന്ന ഉപകരണത്തിൽ ടോയ്ലറ്റ്, വാഷ്ബേസ് എന്നീ സൗകര്യങ്ങളും ഉണ്ട്. സെൻസർ സാങ്കേതിക വിദ്യയുപയോഗിച്ച് ഉപകരണം ചലിപ്പിക്കാനും യാത്ര ചെയ്യാനും സാധിക്കും. കിടപ്പുരോഗിയായ തന്റെ മുത്തശ്ശിയുടെ ദുരിതാവസ്ഥയാണ് ഇങ്ങനെയൊരു ഉപകരണത്തിന്റെ ആവശ്യകതയെക്കുറിച്ച് ചിന്തിക്കാൻ പ്രേരണയായതെന്ന് സനത് സൂര്യ പറഞ്ഞു. ബിസിനസുകാരനായ സജീവിന്റെയും പാലത്ത് എ.എൽ.പി സ്കൂൾ അധ്യാപിക പ്രബിതയുടെയും മകനാണ് സനത് സൂര്യ.