സ്ത്രീ സമത്വത്തിനായി സാംസ്കാരിക മുന്നേറ്റം എന്ന മുദ്രാവാക്യവുമായി സമം' സാംസ്കാരികോത്സവം തുടങ്ങി
17 Mar 2023
News
‘സ്‌ത്രീ സമത്വത്തിനായി സാംസ്കാരിക മുന്നേറ്റം’ എന്ന മുദ്രാവാക്യവുമായി കലയുടെയും സംഭാഷണങ്ങളുടെയും മൂന്ന് പകലിരവുകൾക്ക് വെള്ളിയാഴ്‌ച ടൗൺഹാളിൽ തുടക്കമാകും. ‘സമം' എന്ന പേരിൽ ജില്ലാ പഞ്ചായത്ത്, സാംസ്‌കാരിക വകുപ്പ്, ചലച്ചിത്ര അക്കാദമി, കേരള ഭാഷാ ഇൻസ്റ്റിറ്റ്യൂട്ട്, സംസ്ഥാന സാക്ഷരതാ മിഷൻ എന്നിവയുടെ നേതൃത്വത്തിലാണ് സാംസ്‌കാരികോത്സവം. രാവിലെ 10 മുതൽ പരിപാടികൾ ആരംഭിക്കും. വൈകിട്ട് ആറിന് നിലമ്പൂർ ആയിഷ ഉദ്ഘാടനംചെയ്യും. വൈകിട്ട് 4.30ന് ഘോഷയാത്ര നടക്കും. രാത്രി 11 വരെയുള്ള പരിപാടിയിൽ പുസ്‌തകോത്സവം, അക്കാദമിക് സെമിനാർ, നൃത്തസന്ധ്യകൾ, ഗാനരാവുകൾ, ഗസൽ മഴ, നാടൻ കലാവിരുന്നുകൾ, നാടകങ്ങൾ, സിനിമാ പ്രദർശനം തുടങ്ങിയവയുണ്ടാകും. പ്രഗത്ഭരായ വനിതകളെ ആദരിക്കും.
വെള്ളി രാവിലെ 10ന് പുസ്‌തകോത്സവം ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ഷീജ ശശി ഉദ്‌ഘാടനംചെയ്യും. സമാപന സമ്മേളനം ഞായർ വൈകിട്ട് 4.30ന് മന്ത്രി പി എ മുഹമ്മദ് റിയാസ് ഉദ്‌ഘാടനംചെയ്യും. വാർത്താസമ്മേളനത്തിൽ ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് എം പി ശിവാനന്ദൻ, കേരള ഭാഷാ ഇൻസ്റ്റിറ്റ്യൂട്ട് ഡയറക്ടർ ഡോ. എം സത്യൻ, പി നവീന, പി സുരേന്ദ്രൻ, എൻ ജയകൃഷ്‌ണൻ എന്നിവർ പങ്കെടുത്തു.