
ചെറുവണ്ണൂർ പഞ്ചായത്ത് കൃഷിഭവൻ പരിധിയിൽ നെൽകൃഷിക്ക് അനുയോജ്യമായ വയലുകളുടെ ഉടമകൾക്ക് ഹെക്ടറിന് 3000 രൂപ നിരക്കിൽ റോയൽറ്റി നൽകുന്നു. കൃഷി ചെയ്യുന്ന സ്ഥലം, ഭൂവിസ്തൃതി തുടങ്ങിയ മാനദണ്ഡങ്ങൾ അടിസ്ഥാനമാക്കിയാണ് ഗുണഭോക്താക്കളെ തെരഞ്ഞെടുക്കുക. സംസ്ഥാന സർക്കാറിന്റെ പദ്ധതി ചെറുവണ്ണൂർ കൃഷിഭവൻ പരിധിയിലാണ് ജില്ലയിൽ ആദ്യഘട്ടത്തിൽ നടപ്പാക്കുന്നത്.
നെൽവയലുകൾ രൂപമാറ്റം വരുത്താതെ നിലനിർത്തി സംരക്ഷിക്കുകയും കൃഷിക്കായി ഉപയോഗമാക്കുകയും ചെയ്യുന്നവർക്കാണ് റോയൽറ്റി.
നിലവിൽ നെൽകൃഷി ചെയ്യുന്ന ഭൂവുടമകൾക്കും നെൽവയലുകളുടെ അടിസ്ഥാനസ്വഭാവം മാറ്റാതെ ഹൃസ്വ കാല വിളകൾ കൃഷിചെയ്യുന്ന നിലം ഉടമകൾക്കും ലഭിക്കും. നെൽവയലുകൾ തരിശായിട്ട ഭൂവുടമകൾ, ഭൂമി നെൽകൃഷിക്ക് ഉപയോഗിക്കുകയോ, മറ്റുകർഷകർ, ഏജൻസികൾ മുഖേന ഉപയോഗപ്പെടുത്തുകയോ ചെയ്യുന്നവർക്കും റോയൽറ്റി അനുവദിക്കും. ഭൂമി തുടർച്ചയായി മൂന്നു വർഷം നെൽകൃഷിക്ക് ഉപയോഗപ്പെടുത്തുമെന്ന ഉറപ്പിന്മേലും ലഭിക്കും.
മൂന്ന് വർഷം തരിശായി കിടന്നാൽ ലഭിക്കില്ല. ഒരിക്കൽ ലഭിച്ചാൽ തുടർ വർഷവും ആനുകൂല്യം ലഭിക്കും. നികുതി രസീത് അല്ലെങ്കിൽ കൈവശാവകാശ സർട്ടിഫിക്കറ്റ്, ആധാർ, ബാങ്ക് പാസ് ബുക്ക്, റേഷൻ കാർഡ് എന്നിവയുടെ പകർപ്പ്, പാസ് വേഡ് ലഭിക്കാൻ ഫോൺ നമ്പർ എന്നിവ സഹിതം അപേക്ഷ സമർപ്പിക്കണമെന്ന് കൃഷി ഓഫീസർ അറിയിച്ചു. കൃഷിക്കാർക്ക് വ്യക്തിഗത ലോഗിൻ ഉപയോഗിച്ച് ഓൺലൈനായും അപേക്ഷിക്കാം.