
അടുത്ത വർഷത്തോടെ ഇ-സാക്ഷരതയിലേക്ക് റവന്യു വകുപ്പ് മാറുമെന്ന് മന്ത്രി കെ. രാജൻ. ഇ-സാക്ഷരതയിലൂടെ ഓൺലൈൻ അപേക്ഷ നൽകാൻ ഒരുവീട്ടിൽ ഒരാളെയെങ്കിലും പ്രാപ്തരാക്കും.സാധാരണക്കാരെ സാങ്കേതികസാക്ഷരരാക്കും. ഉപഭോക്തൃസൗഹൃദ ആപ്പുകളും ഇതിനായി ഉപയോഗിക്കും. നാലുവർഷംകൊണ്ട് മുഴുവൻ വില്ലേജുകളെയും സമ്പൂർണമായി ഡിജിറ്റലാക്കുമെന്നും അദ്ദേഹം പറഞ്ഞു. എസ്.കെ. പൊറ്റെക്കാട്ട് ഹാളിൽ റവന്യൂവകുപ്പിന്റെ കോഴിക്കോട് മേഖലായോഗത്തിൽ സംസാരിക്കുകയായിരുന്നു മന്ത്രി.
ഭൂമി, പട്ടയംസംബന്ധിച്ച പ്രശ്‌നങ്ങൾ, നികുതി അടയ്ക്കാത്ത ഭൂമിയുമായി ബന്ധപ്പെട്ട പ്രയാസങ്ങൾ, ഭൂമിയുടെ തരംമാറ്റവുമായി ബന്ധപ്പെട്ട പ്രശ്നങ്ങൾ, ദേശീയപാതയ്ക്കുൾപ്പെടെയുള്ള ഭൂമിയേറ്റെടുക്കൽ പ്രശ്നങ്ങൾ തുടങ്ങിയവ ചർച്ചചെയ്തു. ലാൻഡ് റവന്യൂ കമ്മിഷണർ, ജോയന്റ് ലാൻഡ് കമ്മിഷണർ, കാസർകോട്, കണ്ണൂർ, കോഴിക്കോട്, മലപ്പുറം, വയനാട് ജില്ലകളിലെ കളക്ടർമാർ, ഡെപ്യൂട്ടി കളക്ടർമാർ, തഹസിൽദാർമാർ എന്നിവർ യോഗത്തിൽ സംബന്ധിച്ചു.