
കേരള മാരിടൈം ബോർഡിന്റെ നേതൃത്വത്തിൽ ഇടത്തരം തുറമുഖങ്ങളിൽ ആഴം വർധിപ്പിക്കുന്നതോടെ ചരക്കുകപ്പൽ ഗതാഗതം എളുപ്പമാവുമെന്നാണ് സൂചന. അന്താരാഷ്ട്രതുറമുഖമായ വല്ലാർപ്പാടത്തെ ബന്ധിപ്പിച്ചുകൊണ്ട് ബേപ്പൂർ, അഴീക്കൽ, കൊല്ലം തുറമുഖങ്ങളിൽ കുറഞ്ഞചെലവിൽ ചരക്കുകൾ എത്തിക്കാനാണ് ലക്ഷ്യമിടുന്നത്. തീരദേശ ചരക്കുകപ്പൽ ഗതാഗതത്തിന് വീണ്ടും വഴിതുറക്കുന്നതോടെ, ഇപ്പോൾ ഗോവ കപ്പൽ പണിശാലയിൽ നിർമാണംപൂർത്തിയായ ‘എം.വി. ബേപ്പൂർ സുൽത്താൻ’ എന്ന കപ്പൽ ഈ മാസം 28-ഓടെ പരീക്ഷണ ഓട്ടത്തിന് തയ്യാറെടുക്കുകയാണ്. കടലിലും നദിയിലും സഞ്ചരിക്കാൻകഴിയുന്ന ഈ കപ്പൽ കൊച്ചിയിലെ ലോട്ട്‌സ് ഷിപ്പിങ് കമ്പനിക്കുവേണ്ടിയാണ് തീരദേശ സർവീസ് നടത്താൻ തയ്യാറായിട്ടുള്ളത്. തീരദേശ ചരക്കുകപ്പൽ ഗതാഗതത്തിന് തടസ്സമില്ലാത്തവിധത്തിൽ ബേപ്പൂർ, അഴീക്കൽ തുടങ്ങിയ തുറമുഖങ്ങളുടെ ആഴംകൂട്ടാൻ നടപടിയെടുക്കണമെന്ന് കയറ്റിറക്കുകമ്പനികൾ ആവശ്യപ്പെട്ടിട്ടുണ്ട്. എം.വി. ചൗഗ്ലേ എന്ന തീരദേശ ചരക്കുകപ്പൽ ബേപ്പൂർ തുറമുഖത്തടുത്ത് ഒട്ടേറെത്തവണ ദൗത്യം പൂർത്തിയാക്കിയിരുന്നുവെങ്കിലും സാമ്പത്തികകാരണങ്ങളാൽ സർവീസ് നിർത്തിവെക്കുകയായിരുന്നു. തുറമുഖത്ത് ചരക്കുകപ്പൽ അടുക്കുന്നതിനുമുന്നോടിയായി അധികൃതർ ഏർപ്പെടുത്തേണ്ട ഐ.സി.സി.ടി. സംവിധാനം വൈകാതെ നടപ്പാക്കാൻ കഴിഞ്ഞാൽ കപ്പലുകൾക്ക് ബേപ്പൂർ, അഴീക്കൽ പോലുള്ള തുറമുഖങ്ങളിൽ എത്തുന്നതിൽ തടസ്സവും ഉണ്ടാവില്ല.
ലോട്ട്‌സ് ഷിപ്പിങ് കമ്പനിയുടെ നേതൃത്വത്തിൽ ‘എം.വി. ബേപ്പൂർ സുൽത്താന്’ ഇടക്കൊച്ചിയിലെ മാസ്റ്റർ ഷിപ്പ്‌യാർഡിൽ 2008-ലാണ് കീലിട്ടത്. സാമ്പത്തിക പ്രതിസന്ധിയിൽപ്പെട്ടതിനാൽ നിർമാണം പൂർത്തീകരിക്കാൻ കഴിയാതെവന്ന ഈ കപ്പലാണ് ഇപ്പോൾ ഗോവ ആസ്ഥാനമായുള്ള ഡംബോ കപ്പൽനിർമാണശാലയിൽ നിർമാണം പൂർത്തിയാക്കി സംസ്ഥാനത്തെ തീരദേശ ചരക്കുഗതാഗതത്തിന് ഒരുങ്ങുന്നത്. പ്രധാന ഇടത്തരം തുറമുഖമായ ബേപ്പൂരാണ് ചരക്കുഗതാഗതത്തിൽ പ്രധാന ഇടംതേടുന്നത്.