
വായിച്ചു രസിച്ചുകൊണ്ടു ഓട്ടോയിൽ സവാരി ചെയ്യാം പറമ്പിൽ ബസാർ സർവീസ് നടത്തുന്ന ശ്രീ മുത്തപ്പൻ ഓട്ടോയിൽ കയറിയാൽ. നോവൽ, ചെറുകഥ, കവിത, പത്രം എന്നിവ വായിക്കാം. ഓട്ടോത്തൊഴിലാളിയായ സുനിൽ പറമ്പിലാണ് തന്റെ ഓട്ടോയിൽ ലൈബ്രറിയും അവശ്യംവേണ്ട മറ്റ് സൗകര്യങ്ങളുമൊരുക്കി വേറിട്ട മാതൃക കാണിക്കുന്നത്. പറമ്പിൽ ബസാറിലെ ഓട്ടോ കോ-ഓർഡിനേഷൻ കമ്മിറ്റി പ്രസിഡന്റാണ് സുനിൽ. അഞ്ചുവർഷംമുമ്പാണ് ഓട്ടോയിൽ ലൈബ്രറി, കുടിവെള്ളം, മൊബൈൽ ചാർജിങ്, ഹെൽപ്പ് ലൈൻ നമ്പർ എന്നിവ ഉൾപ്പെടുത്തിയുള്ള സൗകര്യങ്ങൾ ഏർപ്പെടുത്തുന്നത്. എല്ലാം വിജയകരമായി മുന്നോട്ടുപോകുന്നതിന്റെ സന്തോഷവും സുനിൽ പങ്കുവെക്കുന്നു. 150-ഓളം പുസ്തകങ്ങൾ കൈയിലുണ്ടെങ്കിലും മുഴുവൻ ഓട്ടോയിൽവെക്കാൻ സൗകര്യമില്ലാത്തതിനാൽ മുപ്പതോളം പുസ്തകങ്ങൾവെക്കും. യാത്രക്കാരുടെ സീറ്റിനു പിറകിലുള്ള റാക്കിലും സീറ്റിന് അഭിമുഖമായും പുസ്തകങ്ങൾവെക്കും, ഇതിൽ രണ്ടു പത്രങ്ങളും ഉൾപ്പെടുന്നു. ഇഷ്ടപ്പെട്ട പുസ്തകം എടുത്ത് വീടുകളിൽ കൊണ്ടുപോയി വായിച്ചശേഷം രണ്ടോ മൂന്നോ ദിവസം കഴിഞ്ഞ് തിരിച്ചേൽപ്പിക്കുന്ന വായനക്കാരുണ്ട്. യാത്രക്കാർ ആവശ്യപ്പെടുമ്പോൾ ലൈബ്രറിയിൽനിന്നും സുഹൃത്തുക്കൾ വഴിയും പുസ്തകങ്ങളെത്തിച്ചുകൊടുക്കുന്നതിനും സഹായിക്കും സുനിൽ. ഓട്ടോ ഓടിക്കിട്ടുന്ന വരുമാനത്തിന്റെ പത്തുശതമാനം പുസ്തകം വാങ്ങുന്നതിനായി മാറ്റിവെക്കും. ജീവകാരുണ്യപ്രവർത്തനങ്ങളിലും സുനിൽ പങ്കാളിയാണ്.