
കത്തെഴുത്ത് ഇഷ്ടപ്പെടുന്നവർക്കായി കത്തെഴുത്ത് കൂട്ടായ്മയായ 'ഇറ്റാര'യും സ്ട്രീറ്റ്സ് ഓഫ് കാലിക്കറ്റും ചേർന്ന് 'പ്യാർ സെ' എന്ന പേരിൽ മാനാഞ്ചിറയിൽ, സമ്മേളനം സംഘടിപ്പിച്ചു. തപാൽ വിശേഷങ്ങളും ഓർമകളും യുവതലമുറയോട് പങ്കുവെച്ച് മധ്യവയസ്കരും ഒപ്പംകൂടിയപ്പോൾ പുതിയ അനുഭവമായി.
സുഹൃത്തുക്കൾക്കും ബന്ധുക്കൾക്കും കത്തെഴുതിയയക്കാൻ തപാൽ പെട്ടിയും സംഘാടകർ സജ്ജമാക്കിയിരുന്നു. ധാരാളം പേരാണ് അവരുടെ സ്നേഹംനിറച്ച കത്തുകൾ തപാൽ പെട്ടിയിൽ നിക്ഷേപിച്ചത്. വരും ദിവസങ്ങളിൽ സംഘാടകർ തപാൽ വകുപ്പ് മുഖേന അതത് വിലാസത്തിൽ ഈ കത്തുകൾ എത്തിക്കും. യുവതലമുറയിൽ കത്തെഴുത്ത് സംസ്കാരം തിരികെ കൊണ്ടുവരുക, കത്തുകളിലൂടെ സമൂഹത്തിൽ കാതലായ മാറ്റങ്ങൾ സൃഷ്ടിക്കുക തുടങ്ങിയ ലക്ഷ്യങ്ങളിലൂന്നി കഴിഞ്ഞ ഒന്നര വർഷത്തോളമായി കേരളത്തിൽ പ്രവർത്തിച്ചുവരുന്ന യുവജന കൂട്ടായ്മയാണ് ഇറ്റാര.
കാഴ്ചപരിമിതിയുള്ള ഏഷ്യൻ പാരാലിമ്പിക്സ് ജേതാവ് മുഹമ്മദ് സാലിഹിന് സർക്കാർ ജോലി നിയമനം ആവശ്യപ്പെട്ടുകൊണ്ട് മുഖ്യമന്ത്രിക്കും കായികമന്ത്രിക്കും പരാതികളയച്ച് 'ഇറ്റാര' നടത്തിയ കാമ്പയിൻ ജനശ്രദ്ധ പിടിച്ചുപറ്റിയിരുന്നു.