
ഐസ് ഒരതിയും ഉപ്പിലിട്ടതും കല്ലുമ്മക്കായും തിന്ന് കോഴിക്കോടൻ കടപ്പുറത്തിന്റെ ഹരം നുകരാൻ എത്തുന്നവർക്ക് കൺകുളിർക്കാൻ ഇനി ഉന്തുവണ്ടി കാഴ്‌ചകളുമുണ്ട്. ഒരേ മാതൃകയിലുള്ള സുന്ദരൻ ഉന്തുവണ്ടികളാണ് കടപ്പുറത്തെ പുതിയ വിശേഷം. ഇവയുടെ നിറം ചുവപ്പും മഞ്ഞയുമാണ് തുരുമ്പെടുക്കാത്ത മേൽക്കൂരയോടുകൂടിയാണ് സജ്ജമാക്കിയിരിക്കുന്നത്.ബീച്ചിലെ ഭാവി ഉന്തുവണ്ടികൾ ബീച്ചിനെ മോടിപെടുത്തും.
പല രീതിയിൽ പലയിടങ്ങളിലായി നങ്കൂരമിട്ട ഉന്തുവണ്ടികളെ കടപ്പുറത്തെ പ്രത്യേക തെരുവുകച്ചവട മേഖലയിൽ വിന്യസിക്കുന്ന പദ്ധതി രാജ്യത്തുതന്നെ ആദ്യം. കോർപറേഷൻ ഓഫീസിന് മുന്നിൽ പൊലീസ് എയ്‌ഡ് പോസ്‌റ്റ് മുതൽ ഫ്രീഡം സ്‌ക്വയർ വരെ ലൈസൻസുള്ള 90 കച്ചവടക്കാരെയാണ് പദ്ധതിയുടെ ഭാഗമാക്കുക. 400 മീറ്ററിലാണ് കച്ചവടമേഖല. പൈപ്പിലൂടെ ശുദ്ധമായ വെള്ളം എത്തും. വൈദ്യുതി സംവിധാനവുമുണ്ട്. മാലിന്യം സൂക്ഷിക്കാനും സംസ്‌കരിച്ച് കടലിൽ ഒഴുക്കാൻ പ്ലാന്റുമുണ്ട്. പദ്ധതിയുടെ ഭാഗമായി ബീച്ചിൽ അടിസ്ഥാന സൗകര്യ വികസനം നടപ്പാക്കും.
4.8 കോടി രൂപയുടെ വിശദമായ പദ്ധതിരേഖ കൗൺസിൽ യോഗത്തിൽ അവതരിപ്പിച്ചു. ഡി എർത്ത് കമ്പനിയാണ് ഡിപിആർ തയ്യാറാക്കിയത്. ഈ കമ്പനിയുടെ മേൽനോട്ടത്തിലുള്ള ഏജൻസിയാണ് ഉന്തുവണ്ടി നിർമിക്കുക. 1.38 ലക്ഷം രൂപയാണ് കട നിർമാണ ചെലവ്. സബ്‌സിഡിയോടെ കേരള ബാങ്ക് കച്ചവടക്കാർക്ക് വായ്‌പ അനുവദിക്കും. ശുചിത്വപാലനത്തിന് ബൈലോ തയ്യാറാക്കും. ഡിപിആർ സർക്കാർ അംഗീകരിക്കുന്ന മുറയ്‌ക്ക് തുടർ നടപടി ആരംഭിക്കും.