ഐ ലീഗ് മത്സരത്തിനായി കോര്പറേഷന് സ്റ്റേഡിയത്തിൽ ഒരുക്കങ്ങൾ പുരോഗമിക്കുന്നു
24 Oct 2023
News
സൂപ്പര്‍കപ്പ് ഫുട്ബാളിനുശേഷം കോര്പറേഷന് സ്റ്റേഡിയം വീണ്ടും കാല്പന്ത് ആരവത്തിന് വേദിയാവുകയാണ്. ഐ ലീഗ് മത്സരത്തിനായി സ്റ്റേഡിയത്തിൽ ഒരുക്കം പുരോഗമിക്കുകയാണ്.ഗ്രൗണ്ടിലെ ഫ്ലഡ് ലൈറ്റ് ഉൾപ്പെടെയുള്ള സൗകര്യങ്ങൾ ഫുട്ബാൾ ഫെഡറേഷന്റെ സാങ്കേതിക വിദഗ്ധർ ശനിയാഴ്ച പരിശോധന നടത്തുകയും ഗോകുലം ടീം പരിശീലന മത്സരം നടത്തുകയും ചെയ്തിരുന്നു. തുടർന്ന് ഞായറാഴ്ചയും രാത്രി ഫ്ലഡ് ലൈറ്റുകൾ പ്രകാശപ്പിച്ചു. നാലു ടവറുകളിലെ ലൈറ്റുകൾ മുഴുവനായും ഇന്നലെ പ്രകാശിച്ചിട്ടില്ലെന്ന് പരിശോധനയിൽ കണ്ടെത്തി.
ഐ ലീഗ് മത്സരങ്ങൾ തുടങ്ങുന്ന 28നുമുമ്പ് അറ്റകുറ്റപ്പണി നടത്തി ഇവ പൂർണസജ്ജമാക്കുമെന്ന് അധികൃതർ അറിയിച്ചു. 28ന് രാത്രി ഏഴിന് ഇന്റര്കാശിയുമായാണ് ആദ്യമത്സരം. മുന്‍ വര്‍ഷത്തെ അപേക്ഷിച്ച് മത്സരം രാത്രിയായതിനാല്‍ ഗോകുലം അധികൃതര്‍ കൂടുതല്‍ കാണികളെ പ്രതീക്ഷിക്കുന്നു. സ്ത്രീകള്‍ക്ക് പ്രവേശനം സൗജന്യമാണ്. അവധിദിനങ്ങളിലാണ് മത്സരമെന്നതും അധികൃതര്‍ക്ക് പ്രതീക്ഷനല്‍കുന്നു. ഉദ്ഘാടനമത്സരത്തിനു മുന്നോടിയായി സ്റ്റേഡിയത്തില്‍ തൈക്കൂടം ബ്രിഡ്ജിന്റെ നേതൃത്വത്തിലുള്ള സംഗീതവിരുന്ന് അരങ്ങേറും. നടന് ദിലീപ് മുഖ്യാതിഥിയായി പങ്കെടുക്കും. 28, നവംബർ അഞ്ച്, ഒമ്പത്, 26, ഡിസംബർ 2 തീയതികളിലാണ് കോർപറേഷൻ സ്റ്റേഡിയത്തിൽ വൈകീട്ട് ഏഴു മുതൽ ഐ ലീഗ് മത്സരം നടക്കുക.